
അമീര്ഖാന് ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ നടി സൈറ വസീമിന് നേരെ പീഡനശ്രമം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ വിമാനത്തുള്ളില്‍ വെച്ചാണ് ഒരാള്‍ പതിനേഴുകാരിയായ നടിയോട് മോശമായി പെരുമാറിയത്. എയര്‍ വിസ്താര വിമാനത്തില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ നടി തന്നെ വെളിപ്പെടുത്തി.
'അവസാനം ഞാന്‍ പുറത്തിറങ്ങിയിരിക്കുന്നു. ഇങ്ങനെയല്ല പെണ്‍കുട്ടികളോട് പെരുമാറേണ്ടത്. അത്ര മോശമായിട്ടായിരുന്നു അയാളുടെ പ്രവൃത്തികള്‍. ഇങ്ങനെയാണോ പെണ്‍കുട്ടികള്‍ പരിപാലിക്കപ്പെടേണ്ടത്. നമ്മള് തന്നെ നമ്മളെ സഹായിച്ചില്ലെങ്കില്‍ മറ്റാരും നമ്മെ സഹായിക്കാനെത്തില്ല' കരഞ്ഞു കൊണ്ടു താരം പറയുന്നു.
തന്റെ സീറ്റിന് പിറകിലെ സീറ്റില്‍ ഇരുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് നടി പറയുന്നു. പിറകിലിരുന്നയാള്‍ സീറ്റിനിടയിലൂടെ കാല് നീട്ടി നടിയുടെ ശരീരത്തില്‍ പലതവണ സ്പര്‍ശിക്കുകയും തലോടുകയുമായിരുന്നു. ഇത് 10-15 മിനിറ്റ് നീണ്ടു നിന്നു. അയാള്‍ എന്റെ കഴുത്തില്‍ തൊട്ടു കൊണ്ടിരുന്നു. പിന്നെ കാല് തഴോട്ടും മേലോട്ടും അനക്കിക്കൊണ്ടിരിക്കുകയായിരുന്നു. നടി വിവരിക്കുന്നു.
ഉറക്കത്തിലായിരുന്ന താന്‍ ആദ്യ ഇത് ശ്രദ്ധിച്ചില്ലെന്നും പിന്നെയാണ് കാല് ശരിക്കും തന്റെ ശരീരത്തില്‍ തലോടാന്‍ തുടങ്ങിയതെന്നും സൈറ വ്യക്തമാക്കുന്നു. അതിക്രമിയുടെ ഫോട്ടോയെടുക്കാന്‍ നടി ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് കാരണം അത് വിജയിച്ചില്ല. എങ്കിലും തന്റെ സീറ്റിലേക്ക് വന്ന അക്രമിയുടെ കാലിന്റെ വീഡിയോ എടുക്കാന്‍ നടിക്ക് സാധിച്ചു. ഈ വീഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിട്ടുണ്ട്.
അതേസമയം സൈറ വസീമിന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ വിസ്താര വിമാനക്കമ്പനി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും സൈറയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ചയാള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നു കഴിഞ്ഞു.






