മുംബൈ: 2023ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ ആതിഥേയരാകും. തിങ്കളാഴ്ച ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം ബി.സി.സി.ഐ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പാണ് ഇത്. ഇതിന് മുമ്പ് 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന് സഹ ആതിഥേയത്വം വഹിച്ചിരുന്നു. 1983, 2011 വര്‍ഷങ്ങളില്‍ കിരീടം നേടുകയും ചെയ്തു.
2021ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ നടക്കും. ഈ വര്‍ഷം ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരവും ഇന്ത്യയിലാണ് നടക്കുക. 2019ല്‍ ഓസ്ട്രേലിയ്ക്ക് എതിരായാണ് അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരം. പൗരാണിക കാലം മുതല്‍ അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം പരിഗണിച്ചാണ് അവരുടെ ആദ്യ ടെസ്റ്റിന് ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞു.
2017 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്-അയര്‍ലണ്ട് മത്സരത്തിന് അഫ്ഗാനിസ്ഥാന്റെ ഹോം വേദി ഇന്ത്യയായിരുന്നു. ഗ്രേറ്റര്‍ നോയിഡയിലാണ് അന്ന് മത്സരം നടന്നത്.






