
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 55 ആയി. ഇന്ന് വൈകുന്നേരം ബേപ്പൂരില്‍ നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വെള്ളയില്‍ ബീച്ചിന് സമീപമാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് നിന്ന് മാത്രം ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു മൃതദേഹം ബേപ്പൂരില്‍ എത്തിച്ചു. കോസ്റ്റഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. മലപ്പുറം ജില്ലയിലെ താനൂരിനു സമീപം കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. പരപ്പനങ്ങാടിയില്‍ നിന്നാണ് രണ്ടാമത്തെ മൃതദേഹം ലഭിച്ചത്.
മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് തീര സംരക്ഷണസേന കടലില്‍ തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചത്. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ ആയതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂരില്‍ രണ്ട് മൃതദേഹങ്ങള്‍ ഉള്‍ക്കടലില്‍ ഒഴുകി കിടക്കുന്നതായാണ് തൊഴിലാളികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ തിരച്ചിലില്‍ ഒരെണ്ണം മാത്രമാണ് കണ്ടെത്താനായത്. പൊന്നാനി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നായി തിങ്കളാഴ്ചയും മൂന്ന് മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു.
അതിനിടെ, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ ഊര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാ സഭാ മനതൃത്വം ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി.






