
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയുടെ തിരിച്ചടി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കൊടും ക്രിമിനലായ പ്രതിക്ക് 20 വർഷം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിൽ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചത് കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന് നടി വാദിച്ചു. പ്രതിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സുപ്രീം കോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയും മുൻപ് വീണ്ടും മറ്റൊരു കേസിൽ പ്രതിയായെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്.






