
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് നാല് വർഷത്തിനിടെ ബെഡ്ഷീറ്റുകൾ, ടവലുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണ കവറുകൾ എന്നിവയുൾപ്പെടെ 1.27 കോടിയിലധികം ലിനൻ വസ്തുക്കൾ കാണാതായതായി റിപ്പോർട്ട്.
ഇതുവഴി റെയിൽവേയ്ക്ക് 104.51 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 46.54 ലക്ഷം ടവലുകൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകൾ, 23.59 ലക്ഷം തലയിണ കവറുകൾ, 12.95 ലക്ഷം പുതപ്പുകൾ, 2.76 ലക്ഷം തലയിണകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
16 റെയിൽവേ സോണുകളിലെ 54 ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ആകെ 18 സോണുകളും 69 ഡിവിഷനുകളുമാണ് റെയിൽവേയ്ക്കുള്ളത്. മോഷണം പോയ ലിനൻ വസ്തുക്കളിൽ 67 ശതമാനവും ബിക്കാനീർ, ജോധ്പുർ, ജയ്പുർ, റാഞ്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, സോൻപുര്‍, ദാനാപുർ, ബിലാസ്പുർ തുടങ്ങിയ ഡിവിഷനുകളിൽ നിന്നുള്ളവയാണ്.
തിരുച്ചിറപ്പള്ളി, പാലക്കാട് ഡിവിഷനുകളിൽ ലിനൻ വസ്തുക്കൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ചില ഡിവിഷനുകളിൽ നഷ്ടപ്പെട്ട സാധനങ്ങളുടെ വില കോച്ച് അറ്റൻഡർമാരിൽ നിന്ന് പ്രതിമാസം 2,000 മുതൽ 3,000 രൂപ വരെ ഈടാക്കുന്നുണ്ട്. കുറഞ്ഞ വരുമാനക്കാരായ അറ്റൻഡർമാർക്ക് ഇത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.






