
കൊച്ചി: ജിഷാ വധക്കേസില്‍ പുറത്തു വന്നത് സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയെന്ന് പ്രതിഭാഗം അഭിഭാഷകന് ബിഎസ് ആളൂര്‍. നട്ടെല്ലില്ലാത്ത കീഴ്ക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്കെതിരേ രാജ്യത്തെ ഉന്നത നീതിപീഡത്തെ സമീപിക്കുമെന്നും ആളൂര്‍. വധശിക്ഷ ആയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കീഴ്ക്കോടതിയിലെ വിധി കോടതി വികാരത്തിന് അടിമപ്പെട്ടതിനെ തുടര്‍ന്നുണ്ടായതാണെന്നും പറഞ്ഞ.
ജിഷാവധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ളാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് നടത്തിയ പ്രതികരണത്തിലാണ് ആളൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. കീഴ്ക്കോടതികളെ നട്ടെല്ലില്ലാത്ത കോടതികള്‍ എന്ന് ആക്ഷേപിച്ച ആളൂര്‍ സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് പുറപ്പെടുവിച്ച വിധിയാണിതെന്നും നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നും പറഞ്ഞു. ഈ കേസില്‍ പ്രതിഭാഗത്തിന്റെ യാതൊരു വാദങ്ങളും വിധിപ്രസ്താവ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രോസിക്യൂഷന്റെ മൗത്ത്പീസായി കോടതി മാറി. നിരപരാധി ശിക്ഷിക്കപ്പെട്ടതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി തന്നെ തകര്‍ന്നു പോയിരിക്കുന്നു. തെളിവുകളാണ് കോടതിക്ക് ആവശ്യം. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.
ഈ കേസില്‍ തെളിവുകള്‍ ഒന്നൊന്നായി പ്രത്യേകം പഠിക്കേണ്ടതുണ്ട്. താന്‍ കൊടുത്ത ആര്‍ഗ്യൂമെന്റ് നോട്ട്സും കോടതി പരിഗണിച്ചില്ലെന്നും പറഞ്ഞു. താന്‍ പറഞ്ഞത് രാജ്യത്തെ കീഴ്കോടതികളെ കുറിച്ചാണെന്നും മേല്‍ക്കോടതി വിധികളെ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞു. സൗമ്യ വധക്കേസില്‍ വധശിക്ഷ കിട്ടിയ പ്രതിയ്ക്കെതിരേ കൊല നടന്നെന്ന് പോലും കണ്ടെത്താനാകാത്ത അന്വേഷണ സംഘമായിരുന്നെന്നും പറഞ്ഞു.






