
തിരുവനന്തപുരം : സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. സംഭവം അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ല എന്നും അത് നടക്കാന്‍ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍നിന്നും വിധിയില്‍നിന്നും തെളിയുന്നത്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ത്തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാന്‍ നിശ്ചയിച്ചത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നതിനാലാണ്. നിഷ്പക്ഷവും നീതിപൂര്‍വുമായ രീതിയില്‍ യാതൊരു സ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്.
സര്‍ക്കാരിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മുമ്പ് ഇരുട്ടില്‍ തപ്പുകയായിരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തിയതും കുറ്റവാളിയെ പിടികൂടിയതും നിയമത്തിനുമുമ്പില്‍ കൊണ്ടുവന്നതും.
പ്രതിയെ കണ്ടെത്തുന്നതിലും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷക സംഘവും കേസ് ഫലപ്രദമായി നടത്തുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ച കാര്യം വിധിന്യായത്തില്‍ കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴുതുകള്‍ അടച്ചുള്ള അന്വേഷണം, കാര്യക്ഷമമായ പ്രോസിക്യൂഷന് പ്രക്രിയ, നിര്‍ഭയമായ തരത്തിലുള്ള അന്വേഷണത്തിനു വേണ്ട സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് കുറ്റവാളിയെ ശിക്ഷിപ്പിക്കുന്നിടത്തേക്ക് കേസ് കൊണ്ടെത്തിച്ചത്. ഇത്തരം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കൃത്യമായും കുറ്റവാളികളെ കണ്ടെത്താന്‍ കേരളത്തിലെ പോലീസിനു കഴിയും എന്നതിന്റെ സ്ഥിരീകരണമാണിത്. പ്രത്യേക പൊലീസ് ടീമിനെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നുവെന്നും പതിനെട്ടാം ദിവസം തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






