
അഹമ്മദാബാദ്: ഗുജറാത്ത് നിമസഭയിലേയ്ക്ക് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 60 ശതമാനം കടന്നു. 182 അംഗ സഭയിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 18 നാണ് രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം.
ഉത്തര-മധ്യ ഗുജറാത്തുകളിലായി 14 ജില്ലകളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. അസവസാനഘട്ട വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാരാണ് ഉള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2012 ലെ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും, മധ്യഗുജറാത്തില്‍ ബിജെപിയും മേല്‍ക്കൈ നേടിയിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദത്തിന് അയവില്ല. വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലുടെ മോഡി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ നിന്ന് അദ്ദേഹം യാത്ര ചെയ്തതും വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു.
വോട്ടു ചെയ്ത് മടങ്ങിയ മോഡി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടു രേഖപ്പെടുത്തിയ ശേഷം മോഡി നടത്തിയ 'റോഡ് ഷോ'വ്യക്തമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി. തുറന്ന വാഹനത്തില്‍ മോഡി യാത്ര ചെയ്തതും ചുറ്റും കൂടിയവര്‍ ബി.ജെ.പി പതാകകള്‍ വീശി അഭിവാന്ദ്യം ചെയ്തതും ചട്ടലംഘനമാണെന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആര്.എസ് സുര്‍ജേവാലയും ആരോപിച്ചു. ഇതുസംബന്ധിച്ച് കോണ്ഗ്രമസ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡി സബര്‍മതി മണ്ഡലത്തിലെ നിഷാര്‍ ഹൈസ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍ 'ഐഎന്‍എന്‍ കല്‍വരി' രാജ്യത്തിന് സമര്‍പ്പിച്ച ശേഷം വോട്ടര്‍മാര്‍ക്കൊപ്പം വരി നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.






