
തിരുവനന്തപുരം: വധശിക്ഷയുടെ കാര്യത്തില്‍ നിലപാട് മാറ്റി സി.പി.എം. ജിഷാ വധക്കേസിലെ വിധിയിലാണ് സി.പി.എം ഇപ്പോള്‍ പ്രഖ്യാപിത നിലപാട് മാറ്റിയിരിക്കുന്നത്. വധശിക്ഷയെ ശക്തമായി എതിര്‍ത്തിരുന്നവരാണ് ജിഷാകേസിലെ വിധിയെ സ്വാഗതം ചെയ്യുന്നതെന്ന് മാത്രമല്ല, അതിന്റെ പേരില്‍ മേനിനടിക്കുന്നതും. ഇതോടെ ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ നിലപാട് അവസരവാദപരമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു സി.പി.എമ്മിന്റെ എക്കാലത്തേയും പ്രഖ്യാപിത നിലപാട്. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതികളുടെയും അതുപോലെ മുംബൈ ആക്രണകേസിലെ പ്രതികളുടെയും കാര്യത്തില്‍പോലും ഈ നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. രാജ്യസുരക്ഷയെതന്നെ ബാധിക്കുന്നതായിട്ടുപോലും ഈ രണ്ടുകേസിലെയും പ്രതികളെ തൂക്കികൊന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് സി.പി.എം പ്രകടിപ്പിച്ചത്. പോളിറ്റ്ബ്യൂറോ തന്നെ വധശിക്ഷ കാടന്‍ രീതിയാണെന്ന നിലയില്‍ പ്രസ്താവനകളും ഇറക്കിയിരുന്നു. ഇത് അന്ന് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആ നിലപാടില്‍ നിന്നാണ് സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ജിഷാവധം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം തന്നെയായിരുന്നുവെന്നതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ആ കേസിലെ പ്രതിയായ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്കിയ കോടതിയുടെ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ തന്നെ ഇന്നലെ രംഗത്തുവന്നു.
പോളിറ്റ്ബ്യൂറോ എടുത്ത ഒരു തീരുമാനത്തിനെതിരായി രണ്ടു പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ തന്നെ രംഗത്തുവന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയായി രാഷ്ട്രീയസമൂഹം വിലയിരുത്തുന്നത്. രാജ്യദ്രോഹികളായ അഫ്സല് ഗുരുവിനും അജ്മല്‍ കസബിനും നല്കിയ വിധിക്കെതിരെ ശക്തമായി രംഗത്തുവരികയും അതിനെതിരെ പൊതുവികാരം രൂപീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ മലക്കംമറിഞ്ഞതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് പൊതുവിലുയരുന്ന ആവശ്യം.
ജിഷയെ വധിച്ചകേസിലെ പ്രതി ആരായാലും അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്നത്. അത് പലരും ഇന്നലെ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടില്‍ ഉറച്ചുനിന്നാല്‍ ജനവികാരം എതിരാകുമെന്നതുകൊണ്ടാണ് സി.പി.എം ചുവട് മാറ്റിയിരിക്കുന്നത്.
വിധിയെ സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല, ആ വിധി നേടികൊടുക്കുന്നതിന് തങ്ങളുടെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ അഭിമാനംകൊള്ളുകയുമാണ് സി.പി.എം. ഇതോടെ ശിക്ഷയെന്നത് തിരുത്തുന്നതിനുള്ള ഉപാധിയാണെന്ന സി.പി.എമ്മിന്റെ വാദം പൊളിയുകയുമാണ്.
എം.ആര് കൃഷ്ണന്






