
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ മികച്ച വിജയവുമായി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തിലെ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും മത്സരങ്ങള്‍ ആധികാരികമായി വിജയിച്ചായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം.
ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സെന്ന വിജയലക്ഷ്യം 32.1 രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (100) അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും (65) മികവിലാണ് ഇന്ത്യ വിജയതീരത്തെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. 95 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 82 പന്തില്‍ 12 ഫോറുകളും മൂന്നു സിക്സറും അടക്കം ഇത്രയും റണ്‍സെടുത്ത തരംഗയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.
സമരവിക്രമ 57 പന്തില്‍ അഞ്ച് ഫോറുകളടക്കം 42 റണ്‍സെടുത്തു പുറത്തായി. മറ്റാര്‍ക്കും തന്നെ ലങ്കന്‍ നിരയില്‍ പിടിച്ചു നില്ക്കാനായില്ല. രണ്ട് വിക്കറ്റിന് 136 എന്ന ശക്തമായ നിലയില്‍നിന്നാണ് ലങ്കന്‍ ബാറ്റിംഗ് തകര്‍ന്നത്. എയ്ഞ്ചലോ മാത്യൂസ് (17), അസേല ഗുണരക്ത (17) എന്നിവര്‍ റണ്‍സ് വീതം നേടി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ രണ്ടാം മത്സരത്തിലെ ഇരട്ടസെഞ്ചുറിവീരൻ രോഹിത് ശർമ(7)യെ നഷ്ടപ്പെട്ടു. എന്നാൽ തുടർന്നെത്തിയ ശ്രേയസ് അയ്യർക്കൊപ്പം ധവാൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 135 റണ്‍സ് കൂട്ടിച്ചേർക്കാൻ ധവാൻ-അയ്യർ സഖ്യത്തിനായി. വ്യക്തിഗത സ്കോർ 65ൽ നിൽക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് അയ്യർ പുറത്തായി. ഇതിനുശേഷമെത്തിയ ദിനേശ് കാർത്തിക്കിനെ(22 നോട്ടൗട്ട്) കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.






