
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂന്തുറയിലെത്തി എത്തി. വൈകുന്നേരം 4.50 ഓടെയാണ് പൂന്തുറ കമ്യൂണിറ്റി ഹാളിലെത്തി അദ്ദേഹം ദുരന്ത ബാധിതരെ കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും മന്ത്രിമാരും പ്രധാനമന്ത്രിയ്ക്കൊപ്പം പൂന്തുറയിലെത്തിയത്. പൂന്തുറയില്‍ എത്തിയ ദുരിത ബാധിതരോട് സംസാരിച്ച അദ്ദേഹം ഭാരത് സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്ന് അറിയിച്ചു. കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്രിസ്തുമസിന് മുമ്പു തന്നെ എല്ലാവരെയും വീട്ടില്‍ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂന്തുറയില്‍ ഉറ്റവര്‍ നഷ്ടമായവരുടെ കണ്ണീര് നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി അല്‍ഫോന്‍സ് കണ്ണന്താനം അദ്ദേഹത്തെ സഹായിച്ചു.
നേരത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മോഡിയെ മുഖ്യമന്ത്രി പിണറായി വിജയന്, സുരേഷ് ഗോപി എം,പി, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇതേതുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോയ മോഡി അവിടെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷമാണ് 4.25ഓടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
ഓഖി ദുരിതാശ്വാസത്തിന് തമിഴ്നാട് 4047 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടു. ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി നിവേദനം നല്‍കിയത്.
ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. ലക്ഷദ്വീപിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി.
അഞ്ച് മണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന നരേന്ദ്ര മോഡി മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി 45 മിനിട്ട് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ തന്നെ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വൈകിട്ട് 6 ഡല്‍ഹിയിലേക്ക് മടങ്ങും.






