
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവസാന അടവും പയറ്റി ടിടിവി ദിനകരന്. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കേ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ.ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോയും ദിനകരന് പുറത്തുവിട്ടു. ജയലളിതയോടുള്ള വോട്ടര്‍മാരുടെ ആരാധന അനുകൂല വോട്ടാക്കി മാറ്റാനാണ് ദിനകരന്റെ ലക്ഷ്യം.
ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന ജയലളിത ഗ്ലാസ് കയ്യിലെടുത്ത് കുടിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. ജയലളിതയുടെ സ്വകാര്യത ആദ്യമായാണ് പുറത്തുവരുന്നത്. മെഡിക്കല്‍ എത്തിക്സിനു കൂടി നിരക്കാത്ത ദൃശ്യമാണിതെന്നും അഭിപ്രായമുയര്ന്നിട്ടുണ്ടു.
ജയലളിതയുടെ വിയോഗത്തെ തുടര്‍ന്നാണ് ആര്.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി ദിനകരന് നേരത്തെ മത്സര രംഗത്തുവന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ പാര്‍ട്ടി പിളരുകയും മുഖ്യമന്ത്രി എടപ്പാളി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും നയിക്കുന്ന ഔദ്യോഗിക പക്ഷം എ.ഐ.എ.ഡി.എം.കെ ടിക്കറ്റില്‍ മത്സരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു. ഇതോടെയാണ് ദിനകരന് വിമതനായി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേയാണ് തമിഴ്ജനതയുടെ അമ്മ വികാരം അനുകൂലമാക്കാന്‍ ദിനകരന് വീഡിയോ പുറത്തുവിട്ടത്. ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ സംഭവം.
ജയലളിത അപ്പോളോ ആശുപത്രിയില്‍ ടെലിവിഷന്‍ കാണുന്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് ദിനകരന് നേരത്തെ പറഞ്ഞിരുന്നു. ജയലളിതയെ മരിച്ച നിലയില്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുന്വനംമന്ത്രി ദിണ്ഡിഗല്‍ സി. ശ്രീനിവാസന് ആരോപിച്ചതിനു പിന്നാലെയാണ് ദിനകരന് ഇക്കാര്യം അറിയിച്ചത്.






