
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭൂമിയിലെ തടയണ പൊളിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അന്‍വറിന്റെ ഭാര്യാപിതാവ് നല്കിയ ഹര്‍ജിയിലാണ് നടപടി. ക്രിസ്മസ് അവധിക്കു ശേഷം കോടതി ചേരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും.
തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തടയണ സ്ഥിതി ചെയ്യുന്നതെന്നും തന്റെ അഭിപ്രായം തേടാതെയാണ് കലക്ടര്‍ നോട്ടീസ് നല്‍കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യാപിതാവ് കോടതിയെ സമീപിച്ചത്.
കക്കടാംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയിലാണ് പുഴയുടെ ഒഴുക്ക് തടഞ്ഞ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതോടെ തടയണ പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു.






