
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയില്‍ കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ജയലളിതയുടെ മരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ചയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടി.ടി.വി. ദിനകരന് പക്ഷം രംഗത്തെത്തിയത്. ആര്.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദൃശ്യങ്ങല്‍ പുറത്തുവിട്ടതെന്നും സൂചനകളുണ്ട്. ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയും അണ്ണാഡിഎംകെ വിമതവിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്റെ അടുത്ത അനുയായി പി.വെട്രിവേലാണ് വീഡിയോ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ഡിഎംകെയും അണ്ണാഡിഎംകെയും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡീയോ വെട്രിവേല്‍ പുറത്തുവിട്ടത്. അപ്പോളോ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പരസഹായമില്ലാതെ ജ്യൂസ് കുടിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എന്നാണിത് പകര്ത്തിയയെന്ന് വ്യക്തമല്ല.






