
ചെന്നൈ :ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞ് ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 41.6% പേര് വോട്ട് രേഖപ്പെടുത്തി. ഭരണകക്ഷിയായ ഒ.പി.എസ്-ഇ.പി.എസ് നയിക്കുന്ന അണ്ണാ ഡിഎംകെ വിഭാഗവും അണ്ണാഡിഎം.കെ വിമത വിഭാഗം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനും ഡിഎംകെയുമാണ് മത്സരരംഗത്തുള്ളത്. 59 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെങ്കിലും മൂന്നു പേരുടെ പോരാട്ടമാണ് ഏറ്റവും നിര്‍ണായകം.
വിജയപ്രതീക്ഷയാണ് എല്ലാ കക്ഷികളും പ്രകടിപ്പിക്കുന്നത്. 80 ശതമാനത്തിനു മേല്‍ പോളിംഗ് നടന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് ടിടിവി ദിനകരന് അവകാശപ്പെട്ടു. പതിനൊന്ന് മണിവരെ 23.74% പേര് വോട്ട് ചെയ്തിരുന്നു.
മണ്ഡലത്തിലെ 166 ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും രണ്ടു മണിക്കൂര്‍ വരെ നിരയില്‍ കാത്തുനിന്നാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നത്. ചില ബൂത്തുകളിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പല വോട്ടര്‍മാരുടെയും പേരുകള്‍ ഇല്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്തിമ പട്ടികയില്‍ പലരുടെയും പേരുകള്‍ നീക്കിയതാണ് ഇതിനു കാരണം. തിരുവട്ടിയൂര്‍ ഹൈ റോഡ് ബൂത്തിലെ വോട്ടര്‍മാര്‍ ജില്ലാ തെരഞ്ഞെുടപ്പ് ഓഫീസര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്കി.
ആര്.കെ നഗറില്‍ 2,28,234 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1,10,903 പേര് പുരുഷന്മാരും 1,17,232 സ്ത്രീകളും 99 ട്രാന്സ്ജെന്ഡര്മാരുമുണ്ട്.






