
തിരുവനന്തപുരം: കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കര്‍ ഇന്നവസാനിപ്പിക്കും. നൂറോളം ബോട്ടുകളാണ് തെരച്ചിലിനായി കടലിലേക്ക് പോയിരിക്കുന്നത്. വ്യാഴാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിലെ മരണസംഖ്യ 74 ആയി. കണ്ണുരില്‍ നിന്നും ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങളാണ് തെരച്ചിലില്‍ അവസാനമായി കിട്ടിയത്.
ഏഴിമല ഭാഗത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടലില്‍ ഒഴുകുന്ന നിലയില്‍ തീരദേശ പോലീസ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി കരയില്‍ എത്തിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 2,844 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 131 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. കൊച്ചിയില്‍ നിന്നും അഞ്ച് മത്സ്യത്തൊഴിലാളികള്‍ വീതമുള്ള 50 ബോട്ടുകളായിരുന്നു ഇന്നലെ തെരച്ചില്‍ നടത്തിയത്. കിട്ടിയ മൃതദേഹങ്ങളില്‍ 44 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.
മോര്‍ച്ചറികളിലെ സ്ഥലദൗര്‍ലഭ്യം പരിഗണിച്ച് സ്വകാര്യ ആശുപത്രികളുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ലോക്സഭയിലും ഇന്ന് ഓഖി ചര്‍ച്ചയ്ക്ക് എത്തുന്നുണ്ട്. ദുരന്തം നേരിട്ട കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ദീര്‍ഘകാല പുനരധിവാസ, ധനസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര കേന്ദ്ര സഹായം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സംഘം സംസ്ഥാനം സന്ദര്‍ശിച്ച നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഹിതം അനുവദിക്കുമെന്നായിരുന്നു അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്.






