രാജ്യസഭയില്‍ തടസപ്പെട്ട പ്രസംഗവുമായി സച്ചിന് തെന്‍ഡുല്‍ക്കര്‍ ഫെയ്സ്ബുക്ക് ലൈവില്‍. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സച്ചിന്റെ പ്രസംഗം കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സച്ചിന് തന്റെ പ്രസംഗവുമായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. കളിക്കാനുള്ള അവകാശത്തെക്കുറിച്ചും രാജ്യത്തിന്റെ കായിക ഭാവിയെക്കുറിച്ചും സംസാരിക്കാനായിരുന്നു സച്ചിന്റെ ഉദ്ദേശം.
എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസപ്പെട്ടത്. രാജ്യസഭയില്‍ വരുന്നില്ലെന്ന് നിരന്തരം പരാതി കേട്ട എംപിയാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായാണ് സച്ചിന് പ്രസംഗിക്കാന്‍ നോട്ടീസ് നല്‍കിയത്. ഇത് തടസപ്പെട്ട സാഹചര്യത്തിലാണ് സച്ചിന് ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്.






