
മുംബൈ: മുന്‍ നായകന് എം.എസ്.ധോണി 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ്. ധോണിക്കു പകരം പരീക്ഷിച്ച വിക്കറ്റ് കീപ്പര്‍മാര്‍ വേണ്ടത്ര ശോഭിക്കാത്തതാണ് ധോണിയുടെ വഴി എളുപ്പമാക്കിയതെന്നാണ് പ്രസാദ് വിശദീകരിക്കുന്നത്.
ധോണിക്കു പകരം ഇന്ത്യന്‍ ടീമില്‍ പരീക്ഷിച്ചിരുന്നത് റിഷഭ് പന്തിനെയായിരുന്നു. ഇതേ പന്തിനു പകരക്കാരനായാണ് മുപ്പതുപിന്നിട്ട ദിനേശ് കാര്‍ത്തിക്ക് ടീമില്‍ എത്തിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ധോണി വഴിമുടക്കുന്നുവെന്നു പറയുന്ന യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നു പ്രസാദ് ചൂണ്ടിക്കാട്ടുന്നതും. ധോണിക്കു പുറമെ ദിനേശ് കാര്‍ത്തിക്കാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍.
ഇപ്പോഴും ലോകത്തിലെ ഒന്നാം നന്പര് വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുന്പോഴും കൂടുതല്‍ വ്യക്തമാകുന്നുണ്ട്. നാം അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരന്പരയില്ത്തന്നെ ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിംഗുകളും എത്ര മനോഹരമാണ് പ്രസാദ് പറഞ്ഞു.
നായകന് വിരാട് കോഹ്ലിയും താത്കാലിക നായകന് രോഹിത് ശര്‍മയും ധോണിക്ക് പിന്തുണ നല്‍കുന്നവരാണ്. ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നിലേക്ക് കയറ്റി പരീക്ഷിക്കുക പോലും വേണമെന്ന അഭിപ്രായക്കാരനാണ് രോഹിത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രോഹിത് ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിയെ നേരത്തെ ഇറക്കിയിയിരുന്നു..




