ചെന്നൈ: തമിഴ്നാട്ടിലെ ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് വന്‍ വിജയം. 2016ല്‍ ജയലളിത നേടിയ 39545 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്ന് 40,707 വോട്ടുകള്‍ക്കാണ് ദിനകരന് വിജയിച്ചത്. വൈകുന്നേരം 5.10ന് പതിനാറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ദിനകരന് ആകെ 76,701 വോട്ടുകള്‍ നേടി. തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥി എഐഎഡിഎംകെയുടെ മധുസധനന് 41,526 വോട്ടുകള്‍ ലഭിച്ചു.
83,966 വോട്ടുകള്‍ നേടിയ ഡി.എം.കെയുടെ എന്‍. മരുത് ഗണേഷിന് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. നോട്ടയ്ക്ക് 1537 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 837 വോട്ടുകളുമായി ബി.ജെ.പി നോട്ടയ്ക്കും പിന്നിലായി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ടി.ടി.വി ദിനകരന് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. ദിനകരന് അനുയായികളും എഐഎഡിഎംകെ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് അര മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു. ചെന്നൈയിലെ ക്യൂന്മേരി കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ടി.ടി.വി ദിനകരന് ഉടന്‍ എത്തും.
അണ്ണാ ഡി.എം.കെയില്‍ ശശികല പക്ഷത്തിന് പാര്‍ട്ടിയുടെ നിയന്ത്രണം തിരിച്ചു പിടിക്കാന്‍ കരുത്ത് പകരുന്നതാണ് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം. ദിനകരന്റെ ആദ്യ പ്രതികരണം തന്നെ ഇതിന്റെ സൂചനയാണ്. മൂന്ന് മാസത്തിനകം എഐഎഡിഎംകെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ദിനകരന് പ്രസ്താവിച്ചിരുന്നു. പാര്‍ട്ടി സ്ഥാപകനായ എംജിആറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ തന്നെ നേരിട്ട പരാജയം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ഒരുമിച്ച് നിന്നിട്ടും ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ചിട്ടും പരാജപ്പെട്ടത് ആഘാതം കൂട്ടുമെന്ന് ഉറപ്പ്. ഇപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്കുന്ന പല എംഎല്‍എമാരും ശശികല-ദിനകരന് പക്ഷത്തേക്ക് വരും ദിവസങ്ങളില്‍ കൂറുമാറിയേക്കും. അതേസമയം ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയും ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.






