
തിരുവനന്തപുരം: ഓഖിദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ദുരന്തബാധിത പ്രദേശങ്ങള്‍ വിലയിരുത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്രസഹായവും പ്രത്യേകപാക്കേജും ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യത്തോട് അനഭാവപൂര്‍വ്വം പരിഗണിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന് പിന്നാലെ കേരളത്തിലെ തീരപ്രദേശങ്ങള്‍ വരുന്ന വിവിധ ജില്ലകളില്‍ മൂന്നംഗങ്ങള്‍ വീതമുള്ള പ്രത്യേക സംഘങ്ങളായിട്ടാണ് സംഘം സന്ദര്ശനത്തിനെത്തുക.
എല്ലാ ജില്ലകളിലെ കളക്ടര്‍മാരും സന്ദര്‍ശന സംഘത്തിനൊപ്പം ഉണ്ടാകും. നാലു ദിവസം സന്ദര്‍ശനത്തിനുള്ള ഇവര്‍ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, തൃശൂര്‍ ജില്ലകളാണ് പ്രധാനമായും സന്ദര്‍ശിക്കുക. നാശനഷ്ടങ്ങളുടെ കണക്കും തയ്യാറാക്കും. നാശം സംഭവിച്ച ബോട്ടുകള്‍, വീടുകള്‍ എന്നിവയെല്ലാം നേരില്‍ കണ്ട് റിപ്പോര്‍ട്ട് എത്തും. 7340 കോടിയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനൊപ്പം ദുരന്തത്തില്‍ പുനരധിവാസ പാക്കേജും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടുണ്ട്.
ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സേന നടത്തുന്ന 'ഓപ്പറേഷന് സഹായം' കടലിലെ തെരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ല. തെരച്ചില്‍ നിര്‍ത്താന്‍ ഉത്തരവ് സേനയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ 'മംഗള'ത്തോടു പറഞ്ഞു. ലക്ഷദ്വീപ്-മിനിക്കോയ്, കേരളതീരങ്ങള്‍ എന്നിവയില്‍ നാലുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നാവികസേന തെരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രപ്രതിരോധ മന്ത്രാലയമോ, പ്രതിരോധ മന്ത്രിയോ, നാവിക-വ്യോമ സേനാതലവന്മാരോ തെരച്ചില്‍ അവസാനിപ്പിക്കണമെന്ന ഉത്തരവുകള്‍ നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ തെരച്ചില്‍ തുടരുകതന്നെ ചെയ്യും. നിലവില്‍ 877 പേരെ രക്ഷിച്ചിട്ടുണ്ട്. നാവികസേന 319, തീര രക്ഷാസേന-488, വ്യോമസേന 70 പേരെയുമാണ് രക്ഷിച്ചത്.
കണ്ടെത്താനുള്ളവരില്‍ 166 പേര് മലയാളികളാണ്. ചെറുവള്ളങ്ങളില്‍ പോയവരെയാണ് കൂടുതലായും കണ്ടെത്താനുള്ളതെന്ന വിലയിരുത്തലാണുള്ളത്. 74 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 32 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. 132 പേര്‍ക്കായി എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇപ്പോഴും കണക്കുകളില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സൂചന. നാവികസേനയുടെ 10, കോസ്റ്റ് ഗാര്‍ഡിന്റെ 13 കപ്പലുകളും ഇപ്പോഴും കടലിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് സിനര്‍ജിയുടെ ഭാഗമായുള്ള തെരച്ചിലും ശക്തമാക്കുന്നുണ്ട്. 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.






