
പത്തനംതിട്ട: രാപകല്‍ ഭേദമെന്യേ മുടക്കമില്ലാതെ െവെദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി. 2019 മാര്‍ച്ചിനുശേഷം ലോഡ് ഷെഡിങ്ങിലൂടെ െവെദ്യുതിവിതരണം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്‍ക്കു പിഴ ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുകയാണു ലക്ഷ്യം. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലെ െവെദ്യുതി പ്രതിസന്ധിക്കു പൂര്‍ണപരിഹാരം കാണാതെ ഇതു വിജയകരമാക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൂടുതല്‍ സബ്സ്റ്റേഷനുകള്‍ നിര്‍മിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയുമാണ് കെ.എസ്.ഇ.ബി. പദ്ധതി ആവിഷ്കരിക്കുന്നത്. ഓരോ ട്രാന്സ്ഫോമറുകളിലേക്കും സമീപമുള്ള രണ്ടു സബ്സ്റ്റേഷനുകളില്‍നിന്ന് 11 കെ.വി. െലെന്‍ വലിക്കും. ഒരു െലെനില്‍ തകരാറുണ്ടായാല്‍ അടുത്ത െലെന്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ട്രാന്‍സ്ഫോമര്‍ തകരാര്‍മൂലം െവെദ്യുതിവിതരണം തടസപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ എല്ലാ സബ് സ്റ്റേഷനുകളിലും ഒന്നിലേറെ മൊെബെല്‍ ട്രാന്‍സ്ഫോമര്‍ ക്രമീകരിക്കും.
സാധാരണ വിതരണക്കമ്പികള്ക്കുപകരം പ്രത്യേക ആവരണമുള്ള ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ സ്ഥാപിച്ച് െലെന്‍ പൊട്ടുന്നത് ഒഴിവാക്കും. മൂന്ന് ഫെയ്സുകളും ഒന്നിച്ചു ചേര്‍ത്താണ് ഇത്തരം കേബിളുകള്‍ വലിക്കുന്നത്. ഇവ പൊട്ടി വീഴുന്നത് അപൂര്‍വമാണ്. അഥവാ പൊട്ടിയാലും അപകടസാധ്യത കുറവാണ്. വിതരണ െലെനുകള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ത്തും. ടച്ചിങ് വെട്ടല്‍ കാര്യക്ഷമമാക്കും. അപകടസാധ്യത ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റും. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി നിശ്ചിത കാലത്തിനുള്ളില്‍ മരം വെട്ടിമാറ്റാന്‍ ഭൂവുടമയ്ക്കു നോട്ടീസ് നല്‍കും. ഏറെ അപകട സാധ്യതയുള്ള മേഖലകളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.
എന്നാല്‍, പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടന്നാലും ആവശ്യമുള്ളതിന്റെ 30-35 ശതമാനം െവെദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ എന്നതാണു വാസ്തവം. മൂന്നു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനം 500 മെഗാവാട്ട് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍നീക്കം. വേനല്‍ ശക്തമായാല്‍ ഉല്‍പ്പാദനം ആകെ ആവശ്യകതയുടെ 15-20 ശതമാനമായി കുറയുമെന്നതും ശ്രദ്ധേയം.






