
ലൂസിയാന: ലൂസിയാനയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ എട്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. വെടിയേറ്റവരില്‍ ഏഴുപേര്‍ അക്രമിയുടെ കുട്ടികളാണ്. ഇയാള്‍ പിന്നീട് പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.
ഷാമര്‍ എല്‍കിന്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിക്ക് കുട്ടികളില്‍ ചിലരുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ പ്രതിയുടെ ഭാര്യയ്ക്കും കാമുകി എന്ന് കരുതുന്ന ഒരു സ്ത്രീക്കും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.
ലിന്‍വുഡ് അവന്യൂവിലെയും വെസ്റ്റ് 79-ാം സ്ട്രീറ്റിലെയും കവലയ്ക്ക് സമീപം തോക്കു ചൂണ്ടി ഒരാള്‍ ഓടി രക്ഷപ്പെടുകയും കാര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ലൂസിയാന സ്റ്റേറ്റ് പോലീസ് പ്രതിയെ വെടിവച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി സൂചിപ്പിക്കുന്നതായി ഒന്നും ഇല്ലെന്ന് ഷ്രെവ്‌പോര്‍ട്ട് പോലീസ് പറഞ്ഞു.






