
ചാലക്കുടി(തൃശൂര്‍): തലയിണയ്ക്കടിയില്‍ പതിയിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടുവയസുകാരനു ദാരുണാന്ത്യം. ഒപ്പം ഉറങ്ങിക്കിടന്ന സഹോദരനും പാമ്പുകടിയേറ്റു. കോടാലി, കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആല്‍ജോയാണ് മരിച്ചത്.
ആല്‍ജോയുടെ ജ്യേഷ്ഠന്‍ അനോജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിടക്കയില്‍ തലയണയ്ക്കടിയില്‍നിന്നാണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കുട്ടികള്‍ക്കു ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തലേന്ന് കുടിച്ച ജ്യൂസില്‍നിന്നുള്ള ഭക്ഷ്യവിഷബാധയാകുമെന്നു കരുതി കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.
വിശദമായ പരിശോധനയില്‍ പാമ്പുകടിയേറ്റെന്നു വ്യക്തമായി. അപ്പോഴേക്ക് ആല്‍ജോ മരണത്തിനു കീഴടങ്ങി. അനോജിനെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കളും നാട്ടുകാരും വീടിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് തലയിണയ്ക്കടിയില്‍ പാമ്പിനെ കണ്ടെത്തിയത്.






