
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലന്‍ സ്റ്റീവ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം നല്‍കിയാണ് കോച്ചിന്റെ രാജിയെങ്കിലും, ഐഎസ്എല്‍ ഈ സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് രാജിയിലേയ്ക്ക് നയിച്ചതെന്നാണ് സൂചനകള്‍. ആരാധകരോടും, ടീം മാനേജ്മെന്റിനോടും നന്ദിയെന്നും റെനി പറഞ്ഞു.
സീസണില്‍ ഇതുവരെ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വരികയും, പിന്നാലെ ബംഗലൂരു എഫ്.സിക്കെതിരായ വന്‍ തോല്‍വിയെയും തുടര്‍ന്നാണ് കോച്ച് റെനി മ്യൂളന്സ്റ്റിന് രാജിവച്ചതെനന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1നാണ് കേരളം തോറ്റത്. ഇപ്പോള്‍ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേര്‍സ്. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനും, സീനിയര്‍ ടീമില്‍ സര് അലക്സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റുമായിരുന്നു 53 കാരനായ റെനി മ്യൂലന്സ്റ്റീന്. ഡച്ചുകാരനായ റെനി മ്യൂലന്സ്റ്റീന് ടെക്നികല്‍ സ്കില്‍ ഡവലപ്പ്മെന്റ് കോച്ച് എന്ന നിലയ്ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീനിയര്‍ ടീമിനൊപ്പം ചേര്‍ന്നത്.






