
ആലപ്പുഴ: യു.ഡി.എഫ് പിന്തുണയോടെ ജി. സുധാകരന്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ അമ്പലപ്പുഴയില്‍ തിരിച്ചടി ഭയന്ന് സി.പി.എം. സുധാകരന്റെ സ്‌ഥാനാര്‍ഥിത്വം കൊണ്ടുണ്ടായ പ്രതികൂല ഘടകങ്ങള്‍ മൂലം എല്‍.ഡി.എഫ് പിന്നില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണു പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ ബി.ജെ.പി വോട്ടുകള്‍ സുധാകരനു ലഭിച്ചിട്ടുണ്ടാകാമെന്ന വാദമുയര്‍ത്തി സി.പി.എം ഇതിനു പ്രതിരോധം തീര്‍ക്കുന്നുണ്ട്. അമ്പലപ്പുഴയ്‌ക്കു പുറമേ ഹരിപ്പാടും കുട്ടനാടും എല്‍.ഡി.എഫിനു വിജയസാധ്യയില്ലെന്നും മൂന്നിടത്തു വിജയം ഉറപ്പെന്നുമാണ് ബൂത്തുതല കണക്കുകള്‍ അടിസ്‌ഥാനമാക്കിയുള്ള സി.പി.എമ്മിന്റെ അവലോകനം. ഭരണവിരുദ്ധ വികാരം, ജി. സുധാകരന്‍ എതിര്‍സ്‌ഥാനാര്‍ഥിയായത്, പാര്‍ട്ടി അനുഭാവികളുടെയും നിഷ്‌പക്ഷമതികളുടെയും വോട്ടുകളിലെ ചോര്‍ച്ച തുടങ്ങിയ വയാണ് അമ്പലപ്പുഴയില്‍ ആശങ്കയ്‌ക്കിടയാക്കുന്ന ഘടകങ്ങളായി പാര്‍ട്ടി കാണുന്നത്. അനുകൂല ഘടകങ്ങള്‍ വോട്ടായിട്ടുണ്ടെങ്കില്‍ 5000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്‌ഥാനാര്‍ഥി എച്ച്. സലാമിനു ലഭിക്കും. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നാണു പാര്‍ട്ടിയുടെ വിശ്വാസം. അതേസമയം സുധാകരന്‍ സ്‌ഥാനാര്‍ഥിയല്ലായിരുന്നെങ്കില്‍ എല്‍.ഡി.എഫിനു ലഭിക്കുമായിരുന്ന വോട്ടുകള്‍ നഷ്‌ടമായേക്കും.
കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണു നടന്നത്. ബൂത്തുതല കണക്കുകള്‍ പ്രകാരം അരൂരില്‍ എല്‍.ഡി.എഫ് നേരിയ തോതില്‍ പിന്നിലാണ്. ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഉറച്ച വിജയം കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നും സി.പി.എം പ്രാഥമിക അവലോകനം നടത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ രണ്ടുവട്ടവും ഒമ്പതില്‍ എട്ട് സീറ്റുകള്‍ വീതമാണ് എല്‍.ഡി.എഫിനു നേടാനായത്. ഇത്തവണ അതുണ്ടാകില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.






