
കൊല്ലം: കൊല്ലം ജില്ലയിലെ കനത്ത പോളിങ്ങില്‍ പെരുത്ത ആശങ്കയുമായി മുന്നണികള്‍. ജനവിധി ആര്‍ക്ക് അനുകൂലമാകുമെന്ന വേവലാതിയിലാണു പ്രമുഖ കക്ഷികള്‍. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സ്‌ഥിരം പറയാറുള്ളതുപോലെ എല്ലാ സീറ്റും പിടിക്കുമെന്ന് ഇത്തവണ ഒരു പാര്‍ട്ടിയും അവകാശപ്പെടുന്നില്ല.
കഴിഞ്ഞ തവണത്തെപ്പോലെ 11 ല്‍ ഒന്‍പത് പിടിക്കുമെന്നു മാത്രമാണ് എല്‍.ഡി.എഫ് പറയുന്നത്. ഏഴെങ്കിലും പിടിക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. ചാത്തന്നൂര്‍ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. രണ്ടില്‍ പോയാല്‍ മൂന്നെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി നല്ല മാര്‍ജിനോടെ ഇവിടെ രണ്ടാം സ്‌ഥാനത്തെത്തിയിരുന്നു.
കൊല്ലത്തെ 11 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും നേടുന്നവര്‍ സംസ്‌ഥാനം ഭരിക്കുമെന്ന സമീപകാല ചരിത്രം എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളെ ഒട്ടൊന്നുമല്ല ആശങ്കയിലാക്കുന്നത്. ജില്ലയിലെ 20.87 ലക്ഷം വോട്ടര്‍മാരില്‍ 76.29 ശതമാനം വോട്ട് ചെയ്‌തെന്നാണു കണക്ക്.
കഴിഞ്ഞ തവണത്തേക്കാള്‍ 1.13 ശതമാനമാണു വര്‍ധന. സ്‌ത്രീവോട്ടര്‍മാര്‍ കൂട്ടമായി വോട്ട് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. 2021ല്‍ എല്‍.ഡി.എഫ്. തൂത്തുവാരിയ കൊല്ലം ജില്ലയില്‍ ഇത്തവണ യു.ഡി.എഫിനു നിര്‍ണായക പോരാട്ടമായിരുന്നു. 2021ല്‍ ഒന്‍പത് സീറ്റുകളാണ് എല്‍.ഡി.എഫിനു ലഭിച്ചത്. രണ്ട് സീറ്റ് യു.ഡി.എഫിനും കിട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷന്‍ ഭരണം നഷ്‌ടമായതിന്റെ പാഠം ഉള്‍ക്കൊണ്ടാണ് എല്‍.ഡി.എഫ് ഇത്തവണ പോരാട്ടം നടത്തിയത്. ഭരണം പിടിച്ചെടുത്ത ആവേശം യു.ഡി.എഫും നിലനിര്‍ത്തി. മന്ത്രിമാരുടെ പോരാട്ടവും ശ്രദ്ധേയമായിരുന്നു. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറുമാണ് വീണ്ടും ജനവിധി തേടിയത്. വിജയപ്രതീക്ഷ സംബന്ധിച്ച ഇവരുടെ അവകാശവാദം എല്‍.ഡി.എഫ്. ഉന്നയിക്കുമ്പോള്‍ അപ്രതീക്ഷിത വിജയമാണു യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. ചവറ മണ്ഡലത്തിലെ പ്രവചനാതീത മത്സരവും പിരമുറുക്കമുണ്ടാക്കുന്നതാണ്. യു.ഡി.എഫിലെ ഷിബു ബേബിജോണും എല്‍.ഡി.എഫിലെ സുജിത് വിജയന്‍പിള്ളയും തമ്മിലായിരുന്നു ഇവിടെ പോരാട്ടം. ഷിബു ബേബിജോണിന് ഈ മത്സരം നിര്‍ണായകമാണ്. ബി.ജെ.പിയുടെ ശക്‌തമായ സാന്നിധ്യവും പതിവിനു വിപരീതമായി ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ബി.ജെ.പി പിടിക്കുന്ന വോട്ട് എല്ലാ മണ്ഡലത്തിലും എല്‍.ഡി.എഫിനു കൂടുതല്‍ അനുകൂലമാകാനാണു സാധ്യത. സാമുദായിക വോട്ടുകളും നിര്‍ണായകമാകും. ചാത്തന്നൂര്‍ പോലെയുള്ള മണ്ഡലങ്ങളില്‍ നായര്‍-ഈഴവ വോട്ടുകളില്‍ ഭൂരിപക്ഷവും പിടിക്കുമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു.
ഓരോ മണ്ഡലത്തിലേയും പോളിങ്
ശതമാനം:
ചടയമംഗലം-74.43, ചാത്തന്നൂര്‍-75.89, ചവറ- 77.93, ഇരവിപുരം-77.33, കരുനാഗപ്പള്ളി-78.82, കൊല്ലം-77.43, കൊട്ടാരക്കര-75.12, കുണ്ടറ-78.23, കുന്നത്തൂര്‍-77.81, പത്തനാപുരം-75.17, പുനലൂര്‍- 71.02.
ഉണ്ണി വി.ജെ. നായര്‍






