
'' താന്‍ തണുത്തു വിറച്ചു ചാകുമെന്നും, ഒരു കപ്പ് ചായ തരാമോന്ന് അയാള്‍ യാചിക്കുകയും ചെയ്തപ്പോള്‍ എനിക്ക് പാവം തോന്നി. എന്നാല്‍ ഗേറ്റ് തുറക്കുമ്പോള്‍ ചോര പറ്റിയ ഒരു ഇരുമ്പുവടി കയ്യില്‍ കണ്ടു. വസ്ത്രങ്ങളില്‍ രക്തം പുരണ്ടിരിക്കുന്നതും. അപകടം മണക്കും മുമ്പ് അയാള്‍ ഇരുമ്പുവടി ഒരു വീശുവീശി. കയ്യില്‍ മുറിവേറ്റെങ്കിലും അയാളെ തള്ളി പുറത്തേക്ക് ഇട്ടു ഗെയിറ്റ് വലിച്ചടയ്ക്കാന് എനിക്ക് പറ്റി. എന്നാല്‍ ഗെയിറ്റില്‍ നിന്നും ഒരു കമ്പി വലിച്ചെടുത്ത അയാള്‍ പുറത്തു നിന്നും എന്നെ ആക്രമിച്ചു.'' ഹരിയാനയെ വിറപ്പിച്ച പരമ്പര കൊലപാതകത്തില്‍ പരമ്പരക്കൊലയാളി മുന്‍ സൈനികന് നരേഷ് ധന്‍ഖറിന്റെ അവസാന ആക്രമണം നേരിട്ടത് ബന്ധുവും അയല്‍ക്കാരനുമായ കപില്‍ വികാലാണ്.
ഓട്ടോമൊബൈല്‍ കടയില്‍ മാനേജരായി ജോലി ചെയ്യുന്ന വികാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കൂട്ടുകാരില്‍ ഒരാളെ വിളിച്ച് പോലീസിനെ ഇവിടേക്ക് അയയ്ക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ ഇതിനകം ധന്‍ഖര്‍ വികാലിന് പുറത്ത് വരാന്‍ അവസരം നല്കി അവിടെ നിന്നും കാണാതായിരുന്നു. അതേസമയം വികാല്‍ പുറത്തുവന്നതും ധന്‍ബാദ് വീണ്ടും പ്രത്യക്ഷപ്പെട്ടു. കയ്യില്‍ ഇരുമ്പുവടിയുമായി വികാലിന് പിന്നാലെ ഓടിയ ധന്‍ബാദ് നിന്നെ കൊല്ലാന്‍ പോകുകയാണെന്നം നീ ഏഴാമത്തെ ഇരയാണെന്നും ഇത്തവണ രക്ഷപ്പെടില്ലെന്നും അലറുന്നുണ്ടായിരുന്നു.
കൊലപാതകി പോയോ എന്നറിയാന്‍ അയല്‍ക്കാരുമായി വികാല്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ 7.15 ഓടെ മൂന്ന് പോലീസ് വാഹനങ്ങള്‍ അവിടെ എത്തി. പോലീസ് എത്തിയതും ധന്‍ഖര്‍ തുറന്നു കിടന്ന വീടിനുള്ളിലേക്ക് ഓടി. എന്നാല്‍ അവിടെ ആരുമുണ്ടായിരുന്നില്ല. പോലീസ് ഇയാളെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യിലിരുന്ന ഇരുമ്പുവടി ഉപയോഗിച്ച ധന്‍ഖര്‍ പ്രതിരോധിച്ചു. എന്നാല്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച പോലീസ് ലാത്തികൊണ്ട് അയാളെ അടിച്ചുവീഴ്ത്തി. പോലീസിനോട് അടിച്ചു നില്ക്കാന് കഴിയാതായപ്പോള്‍ അടുത്തുള്ള അഴുക്കുചാലില്‍ ചാടി രക്ഷപ്പെടാനും ധന്‍ഖര്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ഇതിനകം അയാളില്‍ പിടി മുറുക്കിക്കഴിഞ്ഞിരുന്നു.
ആറു പേരെ കൊലപ്പെടുത്തിയ നരേഷ് ധന്‍ഖറെ വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കാതിരുന്നതാണ് വികാലിന് അക്ഷരാര്‍ത്ഥത്തില്‍ തുണയായത്. മിക്കമാറും ബന്ധുവീടുകളില്‍ വന്ന് വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ധന്‍ഖറിനെ ആരും അടുപ്പിക്കില്ലായിരുന്നു. ആറുപേരെ കമ്പിവടിക്ക് ഇരയാക്കിയ തിങ്കളാഴ്ച രാത്രിയിലും ധന്‍ഖര്‍ സീനുണ്ടാക്കി. ഇതേ തുടര്‍ന്ന് ഭാര്യയും വികാലും ഇയാളെ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന അര്‍ദ്ധരാത്രിയില്‍ ധന്‍ഖര്‍ പോകുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 6.30 യ്ക്ക് തന്റെ ഗേറ്റ് കയ്യിലിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് ധന്‍ഖര്‍ അടിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഇയാള്‍ ഉണര്‍ന്നത്. ഭാര്യയെ തെറി പറഞ്ഞു കൊണ്ട് തന്നെ അകത്തേക്ക് കയറ്റാമോ എന്ന് ധന്‍ഖര്‍ ചോദിച്ചെങ്കിലും ഗേറ്റ് തുറക്കാന്‍ കൂട്ടാക്കാതിരുന്ന വികാല്‍ ''തണുത്തു വിറയ്ക്കുന്നു'' എന്ന് പറഞ്ഞതോടെയാണ് ദയതോന്നി ഗേറ്റ് തുറന്നതും മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതും. മൂന്ന് വാച്ച്മാന്മാരെയും ഒരു ആശുപത്രി കൂട്ടിരിപ്പുകാരിയെയും തെരുവിലെ രണ്ടു യാചകരെയുമായിരുന്നു ധന്‍ഖര്‍ രണ്ടു മണിക്കൂറിനിടെ കൊലപ്പെടുത്തിയത്.






