ക്വാലാലംപൂര്‍: നാല് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായി വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ അവസാനിപ്പിച്ച തിരച്ചില്‍ ഫെബ്രുവരി ഏഴിന് പുനരാരംഭിക്കും. തിരച്ചിലിനായുള്ള കപ്പല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. യുഎസ് കടല്‍ പര്യവേക്ഷണ കമ്പനിയായ ഓഷ ഇന്‍ഫിനിറ്റിയാണ് വിമാനം തിരയുന്നത്.
ഡര്ബണില് നിന്ന് പുറപ്പെട്ട കപ്പല്‍ ഫെബ്രുവരി ഏഴിന് പെര്‍ത്തില്‍ എത്തും. 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനം കാണാതായത്. ക്വാലാലംപുരില്‍ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഇന്ത്യക്കാരടക്കം 239 യാത്രക്കാരുണ്ടായിരുന്നു. പറന്നുയര്‍ന്ന് അര മണിക്കൂറിനകം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അഞ്ച് രാജ്യങ്ങള്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
നാല് വര്‍ഷം നീണ്ട തിരച്ചില്‍ കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. 120,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ നടത്തിയ പരിശോധനയ്ക്കായി 200 കോടി ഓസ്ട്രേലിയന്‍ ഡോളറാണ് ചെലവഴിച്ചത്. ചൈന, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. വിമാനത്തിനായി നടത്തിയ തിരച്ചിലിനെക്കുറിച്ച് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
വിമാനം കണ്ടെത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പുതിയ തിരച്ചിലിന് 90 ദിവസം കാലാവധിയാണ് പറഞ്ഞിരിക്കുന്നത്. 90 ദിവസത്തിനകം കണ്ടെത്തിയില്ലെങ്കില്‍ മലേഷ്യന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. കണ്ടെത്തിയാല്‍ കമ്പനിക്ക് 90 ദശലക്ഷം ഡോളര്‍ ലഭിക്കും. അത്യാധുനിക സോണാര്‍ സ്കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിമാനത്തിനായി തിരച്ചില്‍ നടത്തും.


