മെല്‍ബണ്‍: ആണവോര്‍ജം, സമുദ്രസുരക്ഷ, ധാതുഖനനം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറുകളുമായി ഇന്ത്യയും ഓസ്ട്രേലിയയും. ഇന്‍ഡോ-പസഫിക് മേഖലയില്‍ സമാധനം ഉറപ്പുവരുത്തുന്നതില്‍ ഇരുരാജ്യങ്ങളുടെയും പരസ്പരസഹകരണം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും. ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന മോദിയും ആല്‍ബനീസും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണസാധ്യതകള്‍ ചര്‍ച്ചചെയ്തു.
ത്രിരാഷ്ട്രസന്ദര്ശനത്തിന്റ ഭാഗമായി ഇന്തോനീഷ്യയില്നിന്നാണ് മോദി ഓസ്ട്രേലിയയില്‍ എത്തിയത്. മോദി-ആല്‍ബനീസ് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും പ്രതിരോധം, സുരക്ഷ, ഊര്‍ജം, സൈബര്‍, സാങ്കേതികവിദ്യകള്‍, വിതരണശൃംഖല തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യയിലെ ആണവോര്ജപദ്ധതികള്ക്കു സഹായകരമായ രീതിയില്‍ ഓസ്ട്രേലിയയില്‍നിന്നുള്ള യുറേനിയം വാണിജ്യകയറ്റുമതിയാണ് സിവില്‍ ആണവോര്ജകരാറിലെ പ്രധാനവ്യവസ്ഥ. സമഗ്ര സാമ്പത്തിക സഹകരണക്കരാര്‍, ഉഭയകക്ഷി നിക്ഷേപസംരക്ഷണക്കരാര് എന്നിവ സംബന്ധിച്ചും ധാരണയായി. ആണവോര്‍ജമേഖലയില്‍ ഓസ്ട്രേലിയയുമായി സുപ്രധാനകരാര്‍ ഒപ്പിട്ടതായി മോദി വ്യക്തമാക്കി. ക്രിട്ടിക്കല്‍ മിനറല്‍സ് ഇടനാഴിക്കായി ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കും.
സ്വതന്ത്രവും സുസ്ഥിരവുമായ ഇന്‍ഡോ-പസഫിക്കിനായി ഉഭയകക്ഷി സഹകരണം ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി. ഇന്‍ഡോ-പസഫിക് എന്നത് രണ്ട് സമുദ്രങ്ങളുടെ സംഗമം മാത്രമല്ല. ഇന്ത്യയേയും ഓസ്ട്രേലിയയേയും പോലെ സമാനമനസ്കരായ രണ്ട് ജനാധിപത്യരാജ്യങ്ങളുടെ അഭിലാഷങ്ങള്‍ പങ്കിടുന്നതിന്റെ പ്രതീകം കൂടിയാണ്. പ്രതിരോധരംഗത്തെ സ്റ്റാര്‍ട്ടപ്പുകളും വ്യവസായങ്ങളും, കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. ഭീകരവാദം ഏതെങ്കിലുമൊരു രാജ്യത്തിനു മാത്രമല്ല, മാനവരാശിക്കാകെ വെല്ലുവിളിയാണെന്ന് ഇന്ത്യയും ഓസ്ട്രേലിയയും വിലയിരുത്തി.
അതിനാല്‍ ഭീകരവാദത്തിനെതിരേ യോജിച്ച് പോരാടും. ഇന്‍ഡോ പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്വതന്ത്ര സമുദ്രഗതാഗതവും നിയമപ്രകാരമുള്ള ക്രമസമാധാനവും ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
ഓസ്ട്രേലിയയില്‍നിന്നുള്ള യുറേനിയം ഇറക്കുമതി ഇന്ത്യയെ നോണ്‍ ഫോസില്‍ ഇന്ധനരംഗത്ത് ശാക്തീകരിക്കുമെന്ന് ആല്‍ബനീസ് ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള സഹകരണം വൈവിധ്യമാര്‍ന്നതും ആഴത്തിലുള്ളതുമാക്കും. പ്രതിരോധ, സുരക്ഷാസഹകരണത്തിലൂടെ പ്രായോഗികപങ്കാളിത്തം സുദൃഢമാക്കും. സുരക്ഷാകാര്യത്തില്‍ ഇന്ത്യയെ ഏറ്റവും ഉയര്‍ന്നനിലയിലുള്ള പങ്കാളിയായാണ് ഓസ്ടേലിയ കണക്കാക്കുന്നതെന്നും ആല്‍ബനീസ് വ്യക്തമാക്കി.




