
ദോഹ: ഇടക്കാല സമാധാനക്കരാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും യു.എസ്.- ഇറാന് സംഘര്‍ഷം. ഇന്നലെ പുലര്‍ച്ചെ ഇറാനുമേല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങള്‍ ഇറാന് ലക്ഷ്യമിട്ടു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കുനേരേ ഇറാന് അടുത്തിടെ നടത്തിയ ആക്രമണങ്ങള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അവസാനത്തെയാണു സൂചിപ്പിക്കുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണിതെന്നും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ട്രംപ് പറഞ്ഞു.
ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലുകള്ക്കുനേരേ ഇറാന് ആക്രമണം നടത്തിയതിനു പിന്നാലെ ബുധനാഴ്ച ഇറാന്റ സൈനിക കേന്ദ്രങ്ങളിലും തുറമുഖങ്ങളിലും യു.എസ്. ആഞ്ഞടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ കൂടുതല്‍ വ്യാപക ആക്രമണമാണു നടത്തിയത്.
ഇറാനിലുടനീളം 90 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി യു.എസ്. മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കും മിസൈല്‍ ലോഞ്ചറുകള്‍ക്കും നേരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്കിലെ നാവികഗതാഗതത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി തകര്‍ക്കുക എന്നതായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും യു.എസ്. പറഞ്ഞു.
ഇറാന്റെ ആണവനിലയ സമുച്ചയമുള്ള ബുഷെഹര്‍, തെക്കന്‍ തുറമുഖ നഗരങ്ങളായ ചബഹാര്‍, കൊനാരക്, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവയുള്‍പ്പെടെ പലയിടങ്ങളിലും സ്ഫോടനങ്ങളുണ്ടായെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്ഷഹ്റിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു. ഏപ്രിലിന് ശേഷം ആദ്യമായി പാലങ്ങളെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.
വടക്കുകിഴക്കന്‍ ഇറാനിലെ ഗോലെസ്താന്‍ പ്രവിശ്യയിലെ റെയില്‍വേ പാലവും ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യാന്‍ നിശ്ചയിച്ച മഷാദിലേക്കുള്ള വഴിയിലെ രണ്ട് പാലങ്ങളും ആക്രമിക്കപ്പെട്ടു.



