വാഷിങ്ടണ്‍: വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ ജീവനക്കാരെ സ്പോണ്സര് ചെയ്യുന്നത് കൂടുതല്‍ ചെലവേറിയതാക്കാനാണു നീക്കം. രാജ്യാന്തര വിദ്യാര്‍ഥികളുടെ വിസ നിയമങ്ങളില്‍ മാറ്റം വരുത്തും. ചില വര്‍ക്ക് പെര്‍മിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ (സ്വയമേവയുള്ള കാലാവധി നീട്ടല്‍) അവസാനിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്.), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ (ഡി.ഒ.എല്‍.), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (ഡി.ഒ.എസ്.) എന്നിവയ്ക്കു മുന്നിലാണു പുതിയ അജന്‍ഡകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ പ്രഫഷണലുകളെയും വിദ്യാര്‍ഥികളെയും എച്ച്-4 വിസയുള്ളവരെയും പ്രതികൂലമായിബാധിക്കും.
വരും മാസങ്ങളില്‍ ഭരണകൂടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ മുന്ഗണനകളെക്കുറിച്ചാണ് അജന്‍ഡയില്‍ വ്യക്തമാക്കുന്നത്. ഇതിലെ ചില നടപടികള്‍ അന്തിമ നിയമങ്ങളായി നേരിട്ട് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു ചിലത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഈ മാസം തന്നെ പ്രതീക്ഷിക്കുന്ന ആദ്യത്തെ മാറ്റം, എച്ച്-1ബി, എല്‍-1 ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്ന തൊഴിലുടമകളുടെ ചെലവ് വര്‍ധിപ്പിക്കുന്നതാണ്. നിലവില്‍, യു.എസില്‍ 50-ലധികം ജീവനക്കാരുള്ള കമ്പനികളില്‍ പകുതിയിലധികം പേരും എച്ച്-1ബി അല്ലെങ്കില്‍ എല്‍-1 വിസയുള്ളവരാണെങ്കില്‍, അവര്‍ പുതിയതായി ഒരു ജീവനക്കാരനെ സ്പോണ്സര് ചെയ്യുമ്പോഴോ അല്ലെങ്കില്‍ കമ്പനി മാറുമ്പോഴോ മാത്രമാണ് എച്ച്-1ബി അപേക്ഷകള്‍ക്ക് 4,000 ഡോളറും എല്‍-1 അപേക്ഷകള്‍ക്ക് 4,500 ഡോളറും അധിക ഫീസായി നല്‍കേണ്ടി വരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം, വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷകള്‍ക്കും അധിക ഫീസ് ബാധകമാകും. ഇത് തൊഴിലുടമകളുടെ, പ്രത്യേകിച്ച് വന്‍കിട ഐടി കമ്പനികളുടെ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഓഗസ്റ്റില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു നിര്‍ദേശം, എച്ച്-1ബി പ്രോഗ്രാം കൂടുതല്‍ കര്‍ശനമാക്കുക എന്നതാണ്. ഈ നിയമത്തിന്റെ കരട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ജീവനക്കാരനുമായുള്ള ബന്ധം തെളിയിക്കാന്‍ തൊഴിലുടമ നിര്‍ബന്ധിതനാകും. ജീവനക്കാര്‍ അനുമതിയുള്ള തൊഴില്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്ന് കാണിക്കാനും, ജോലി സംബന്ധിച്ച കൂടുതല്‍ വിശദമായ രേഖകള്‍ സൂക്ഷിക്കാനും തൊഴിലുടമകള്‍ നിര്‍ബന്ധിതരായേക്കാം. മുമ്പ് എച്ച്-1ബി നിയമങ്ങള്‍ ലംഘിച്ച ചരിത്രമുള്ള കമ്പനികള്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ നേരിടേണ്ടി വരും.
എച്ച്-1ബി, എംപ്ലോയ്മെന്റ് അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ എന്നിവയ്ക്കുള്ള നിലവിലെ വേതന നിരക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശവും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിനു മുന്നിലുണ്ട്. ഇത് നടപ്പിലാക്കുകയാണെങ്കില്‍, തുടക്കക്കാരായ ജീവനക്കാരുടെ തസ്തികകളിലേക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉയരുകയും വിദേശ പ്രഫഷണലുകളെ സ്പോണ്സര് ചെയ്യുന്നത് തൊഴിലുടമകള്‍ക്ക് കൂടുതല്‍ ചെലവേറിയതാവുകയും ചെയ്യും.
തൊഴിലുടമ സ്പോണ്സര് ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകളുടെ ആദ്യ ഘട്ടമായ പി.ഇ.ആര്.എം. ലേബര്‍ സര്ട്ടിഫിക്കേഷന് പ്രക്രിയ പുതുക്കാനും വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഈ നിര്‍ദേശം റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുകയും, യു.എസ് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യും. രാജ്യാന്തര വിദ്യാര്‍ഥികളെ ബാധിക്കുന്ന മാറ്റങ്ങളും അജന്‍ഡയിലുണ്ട്. നിലവിലുള്ള 'ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്' - പഠനം തീരുന്നതുവരെ വിസ കാലാവധി ലഭിക്കുന്ന രീതിക്കു പകരം കൃത്യമായ കാലയളവുള്ള സ്റ്റുഡന്റ് വിസകള്‍ കൊണ്ടുവരുന്ന അന്തിമ നിയമം ഡി.എച്ച്.എസ്. ഈ മാസം പുറപ്പെടുവിച്ചേക്കും. പുതിയ സംവിധാനത്തില്‍, വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം തുടരണമെങ്കില്‍ വിസ കാലാവധി നീട്ടുന്നതിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും.
റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യാന്തര ബിരുദധാരികള്‍ക്ക് യു.എസില്‍ തൊഴില്‍ പരിചയം നേടാന്‍ അനുവാദം നല്കുന്ന ഒ.പി.ടി. പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുന്ന മറ്റൊരു നിര്‍ദേശം 2027-ന്റെ തുടക്കത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.
യു.എസിലെ രാജ്യാന്തര വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യയില്‍നിന്നുള്ളവരാണ്. ഏറ്റവും പുതിയ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് പ്രകാരം, 2024-25 അധ്യയന വര്‍ഷത്തില്‍ ഏകദേശം 3.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസില്‍ പഠിച്ചിരുന്നത്. ഇത് ആകെ രാജ്യാന്തര വിദ്യാര്‍ഥികളുടെ ഏകദേശം 31 ശതമാനത്തോളം വരും. നിര്‍ദിഷ്ട വിസ മാറ്റങ്ങള്‍ ചെലവുകള്‍ വര്‍ധിപ്പിക്കുകയും ദീര്‍ഘകാല കോഴ്സുകള്‍ക്കായി രാജ്യത്ത് തുടരേണ്ട വിദ്യാര്‍ഥികളില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും.എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റുകളുടെ സ്വയമേവയുള്ള കാലാവധി നീട്ടല്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ഡി.എച്ച്.എസ്. ഈ മാസം അവസാനം അന്തിമരൂപം നല്‍കിയേക്കും.റിപ്പോര്‍ട്ടുകള്‍ പ്രകാരം, എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികളായ ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ എച്ച്-4 വിസക്കാരെ ഈ മാറ്റം ബാധിച്ചേക്കാം. എച്ച്-4 ഇ.എ.ഡി ഉള്ളവര്‍ക്ക് അവരുടെ പെര്‍മിറ്റ് കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് മാത്രമേ പുതുക്കലിനായി അപേക്ഷിക്കാന്‍ കഴിയൂ എന്നതിനാലും, അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാന്‍ പലപ്പോഴും കൂടുതല്‍ സമയമെടുക്കുന്നതിനാലും, പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതുവരെ പലര്‍ക്കും ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.




