
ഗുവാഹട്ടി: പ്രസവിച്ച കുഞ്ഞുങ്ങളെ ആശുപത്രിയില്‍ വെച്ച് മാറിപ്പോയ സംഭവത്തില്‍ ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടും സ്വീകരിക്കേണ്ടതില്ലെന്ന് മാതാപിതാക്കളുടെ തീരുമാനം. എല്ലാം ഒരു സിനിമാക്കഥ പോലെ അവിശ്വസനീയമായി തോന്നുന്ന സംഭവത്തില്‍ മുസ്ളീം വിഭാഗത്തില്‍ നിന്നുള്ള സഹാബുദ്ദീന് അഹമ്മദ്-സല്‍മാ ദമ്പതികളും ആസ്സാമില്‍ നിന്നുള്ള അനില്‍ - സെവാലി ബോറോ ദമ്പതികളുമാണ് തങ്ങള്‍ക്ക് കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെ തന്നെ വളര്‍ത്താമെന്ന് തീരുമാനം എടുത്തത്.
രക്തബന്ധത്തെക്കാള്‍ ഇവര്‍ സ്നേഹബന്ധത്തിന് പ്രധാന്യം നല്കിയപ്പോള് ഇന്ത്യ പരമ്പരാഗതമായി തുടര്‍ന്നുവന്നിരുന്ന വര്‍ഗ്ഗ-ജാതി-മത വ്യത്യാസങ്ങല്ലൊം കാറ്റില്‍ പറന്നു. 2015 ലാണ് സെവാലിയും സല്‍മയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ നഴ്സുമാര്‍ കുട്ടികളെ കൊണ്ടു കിടത്തിയത് മാറിമാറിയായതിനാല് സല്‍മയ്ക്കും സഹാബുദ്ദീന് അഹമ്മദിനും പിറന്ന കുട്ടി രാകേഷ് ബോറോയായി അനിലിനും സെവാലി ബോറോയ്ക്കുമൊപ്പം കഴിയുമ്പോള്‍ ഇവരുടെ മകന് സുനൈദായി അഹമ്മദിനും സല്‍മയ്ക്കുമൊപ്പം കഴിയുകയാണ്.
എല്ലാം സംഭവിച്ചത് 2015 മാര്‍ച്ച് 11 ന് ദാരംഗിലെ മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ രണ്ടുപേരും ജന്മം കൊടുത്തത് ആണ്‍കുട്ടികള്‍ക്കായിരുന്നു. കുട്ടികളെ കൈമാറുന്ന സമയത്ത് രണ്ടു കുട്ടികളും ഒരുമിച്ച് കിടന്നിരുന്നതിനാല്‍ നഴ്സുമാര്‍ക്ക് മാറിപ്പോയി. കുട്ടികളുമായി മാതാപിതാക്കള്‍ ആശുപത്രി വിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെ രണ്ടു മാതാപിതാക്കളും ശ്രദ്ധിച്ചത്.
ആശുപത്രിയില്‍ നിന്നും വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ മുഖത്തിന് ആകെ മാറ്റം വന്നതായി സല്മയ്ക്ക് തോന്നി. കുഞ്ഞു കണ്ണുകള്‍ ഉള്‍പ്പെടെ സവിശേഷതകള്‍ക്കെല്ലാം മാറ്റം. ഇതേ സംശയം തന്നെ മറുവശത്ത് അനിലിനും സെവാലിക്കും തോന്നി. അതേസമയം തന്റെ തന്നെ കുട്ടിയെ കിട്ടണമെന്ന ആവശ്യവുമായി സഹാബുദ്ദീന് ആശുപത്രിയെ സമീപിച്ചപ്പോള്‍ പരാതി ആശുപത്രി തള്ളുകയായിരുന്നു. തുടര്‍ന്ന് അന്ന് ആശുപത്രിയില്‍ പ്രസവം നടന്ന ദമ്പതികളുടെ വിവരത്തിന് വിവരാവകാശരേഖ സമര്‍പ്പിക്കുകയും അത് കിട്ടിയതില്‍ ഒരു ബോറോ വനിത ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അനില്‍-സെവാലി ദമ്പതികള്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. തുടര്‍ന്ന അനില്‍ ഇരുവരേയും വീട്ടിലേക്ക് ക്ഷണിച്ചു.
കുട്ടികളെ കണ്ടപ്പോള്‍ തന്നെ ഓരോ മാതാപിതാക്കളും സ്വന്തം കുട്ടികളെ തിരിച്ചറിഞ്ഞു. എന്നാല്‍ സത്യം മനസ്സിലാക്കാനോ കുഞ്ഞിനെ തിരിച്ചുകൊടുക്കാനോ ബോറോയുടെ മാതാവ് സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ എസ്പിയെ സമീപിക്കുകയും സംഭവത്തില്‍ 2015 ഡിസംബറിന് കേസെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 2016 ഏപ്രില്‍മാസം ഡിഎന്‍എ ടെസ്റ്റ് നടത്തുകയും നവംബറില്‍ ഫലം പുറത്തു വരികയും ചെയ്തു. എന്നാല്‍ അതുകൊണ്ടും ഒരു കാര്യവും ഉണ്ടായില്ല.
രക്തബന്ധത്തിനേക്കാളും വിലമതിച്ച് ഇരു മാതാപിതാക്കള്‍ക്കിടയിലും സ്നേഹബന്ധം വൈകാരികതമായി മാറി. ഇരു മാതാപിതാക്കള്‍ക്കും കയ്യില്‍ കിട്ടി ഇത്രയും നാള് വളര്‍ത്തിയ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ കഴിയാത്ത വൈകാരിക പ്രക്ഷുബ്ദ്ധത അനുഭവപ്പെട്ടു. കിട്ടിയത് വേറെ കുട്ടിയാണെങ്കിലും താന്‍ മുലപ്പാല്‍ കൊടുത്താണ് രാകേഷിനെ വളര്‍ത്തിയതെന്നും അവനില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും സെവാലി വ്യക്തമാക്കി.
കുഞ്ഞുങ്ങളെ പരസ്പരം മാറ്റി അവരുടെ പ്രതികരണം നോക്കിയെങ്കിലും വളര്‍ത്തിയ മാതാവിനെ വിടാന്‍ രണ്ടു കുട്ടികളും കൂട്ടാക്കിയില്ല. ഒന്നുകൂടി അത് ചെയ്യാന്‍ തനിക്ക് കരുത്തില്ലായിരുന്നെന്നാണ് സല്‍മ പറഞ്ഞത്. വേര്‍പിരിയാന്‍ കഴിയാത്തതിനാല്‍ സ്വന്തം വയറ്റില്‍ പിറന്നവനെ തള്ളി വളര്‍ത്തിയ കുഞ്ഞിനെ തന്നെ വീണ്ടും ഇരു മാതാപിതാക്കളും കയ്യേല്ക്കുകയായിരുന്നു.






