
സിഡ്നി: ആഷസില്‍ ഇംഗ്ലണ്ട് ചാരമായി. പരമ്പരയിലെ അവസാനത്തെ ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം സ്വന്തമാക്കി കംഗാരുപ്പടയ്ക്ക് ആഷസ് പരമ്പര. ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേയും ടെസ്റ്റിലും ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്നിംഗ്സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.
സിഡ്നിയിലെ വിജയത്തോടെ ഓസ്ട്രേലിയ 4-0ത്തിന് പരന്പര സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 303 റണ്‍സിന്റെ ലീഡിനെതിരേ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നു തരിപ്പണമാകുകയായിരുന്നു. സ്കോര്ഃ ഇംണ്ട്-346, 180, ഓസ്ട്രേലിയ-649/7.
നാലാം ദിനം കളി നിര്‍ത്തുന്പോള്‍ 42 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയര്‍ സ്റ്റോയുമാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം ദിവസം ജോ റൂട്ട് (58) അര്‍ധസെഞ്ചുറി തികച്ചെങ്കിലും നിര്‍ജലീകരണത്തെ തുടര്‍ന്ന് മത്സരത്തില്‍നിന്നും പിന്മാറിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 38 റണ്‍സെടുത്ത് ബെയര്‍ സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോല്‍വി ഉറപ്പിച്ചു.
പിന്നീട് വന്ന മോയിന്‍ അലിയും (13) ടോം കുറന് (23) എന്നിവര്‍ പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓസ്ടേലിയക്കുവേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 649 റണ്‍സെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന് ഖവാജ(171), ഷോണ്‍ മാര്‍ഷ്(156), മിച്ചല്‍ മാര്‍ഷ്(101) എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. കഴിഞ്ഞ ആഷസ് പരമ്പര 3-2 ന് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഇത്തവണ നാലാം ടെസ്റ്റിലെ സമനില മാത്രമാണ് ആശ്വാസമായത്. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും, രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനും ഇംണ്ട് പരാജയപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു ടെസ്റ്റിലും ഇന്നിംഗ്സ് തോല്‍വിയോടെ ഇംഗ്ലീഷ് നിര തകര്‍ന്നടിയുകയായിരുന്നു.






