
തിരുവനന്തപുരം: ജീവിക്കാന്‍ പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്ന എകെജിയുടെ കാലത്ത് പാര്‍ലമെന്റെന്നും എകെജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് സഞ്ചരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യം ദൂരെ നിന്നും ആരാധനയോടെ നോക്കിത്തൊഴാനുള്ള ആരാധനാലയമല്ലെന്നും കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കാനുള്ള ഇടമല്ല പാര്‍ലമെന്റെന്നും ചൂണ്ടിക്കാട്ടിയ ആളാണ് എകെജിയെന്നും പിണറായി വിജയന് വ്യക്തമാക്കി. ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ തുടക്കമിട്ട് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള്‍ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുന്‍ നിരയില്‍ മലയാളികളുണ്ട്. അവരുടെ കേരള സന്ദര്ശനങ്ങളിലെ സേവനം സര്‍വകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകള്കൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കിചേര്ക്കാനാവും. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനിടയില്‍ സീറ്റ് നല്കിയിതില് അപാകത ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇറങ്ങിപോയി. മുന്‍ നിരയില്‍ സീറ്റ് ഏര്‍പ്പെടുത്തിയതോടെയാണ് പിന്നീട് തിരിച്ചെത്തിയത്. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ.






