
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ വളര്‍ത്തച്ഛനും, അമ്മയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒകേ്ടാബര്‍ ഏഴിനാണു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒകേ്ടാബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിര്‍ബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും രണ്ടു വര്‍ഷം മുന്‍പാണ് ഷെറിനെ ബിഹാറില്‍നിന്നു ദത്തെടുത്തത്. ദമ്പതികളുടെ നാലു വയസുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവന കേന്ദ്രത്തിലാണ്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തോടെ മാത്രമേ വാദം കേള്‍ക്കൂ. ഈ കുട്ടിയുടെ മേലുള്ള മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തു മാറ്റിയേക്കാന്‍ സാധ്യതയുണ്ട്.






