
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റേതുള്‍പ്പെടെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കു കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സയൊരുക്കി സര്‍ക്കാര്‍. ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശനസൗകര്യം സഹിതമാണു ജില്ലാ ആയുര്‍വേദാശുപത്രിയില്‍ തടവുകാര്‍ക്കു പേവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ജയില്‍ചട്ടങ്ങള്‍ മറികടന്നാണിത്. ടി.പി. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രനാണ് ഇപ്പോള്‍ ആശുപത്രിവാസം ആഘോഷിക്കുന്നത്.
രണ്ടാഴ്ചയിലേറെയായി രാമചന്ദ്രന് 211-ാം നമ്പര്‍ മുറിയിലുണ്ട്. നേരത്തേ വിയ്യൂര്‍ ജയിലിലെ ടി.കെ. രജീഷ് അടക്കമുള്ളവര്‍ക്ക് ഊഴമിട്ടു ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആര്.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം എം. ബാലാജി ഉള്‍പ്പെടെയുള്ളവര്‍ക്കും അടുത്തിടെ ഇതേ സൗകര്യങ്ങള്‍ തരപ്പെടുത്തി. ചില പ്രതികളുടെ സുഖചികിത്സ 45 ദിവസംവരെ നീണ്ടു. കതിരൂര്‍ മനോജ് വധക്കേസിലെ റിജു ഉള്‍പ്പെടെയുള്ള പ്രതികള്‍ ചികിത്സ ആവോളം ആസ്വദിച്ചപ്പോള്‍ അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചു.
രാഷ്ട്രീയസ്വാധീനമുള്ള പ്രതികളെ, രോഗമില്ലെങ്കിലും ആശുപത്രിയിലാക്കാന്‍ ജയില്‍ അധികൃതര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമാണുള്ളത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പൂര്‍ണപിന്തുണയുള്ളതിനാല്‍ ആരും ഇതു ചോദ്യംചെയ്യില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറിയശേഷം ടി.പി. വധക്കേസ് പ്രതികള്‍ക്കു യഥേഷ്ടം പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. വിചാരണത്തടവുകാരായും റിമാന്‍ഡ് തടവുകാരായും ശിക്ഷിക്കപ്പെട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പൂര്‍ണസ്വാതന്ത്ര്യമാണ്. സന്ദര്‍ശകരുമായി ഇവരുടെ കൂടിക്കാഴ്ച മണിക്കൂറുകളോളം നീളും.
കൊലക്കേസ് പ്രതികളെ സംരക്ഷിക്കില്ലെന്നു പ്രഖ്യാപിക്കുമ്പോഴും പാര്‍ട്ടിയിലെ കീഴ്ഘടകങ്ങളുടെ സമ്മര്‍ദത്തിനു സംസ്ഥാനനേതൃത്വവും സര്‍ക്കാരും വഴങ്ങുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു ജയിലുകളില്‍നിന്നും ''പാര്‍ട്ടി തടവുകാര്‍'' കണ്ണൂരിലേക്കു മാറാന്‍ താത്പര്യം കാട്ടുന്നു.
ടി.പി. കേസില്‍ സി.പി.എം. പാനൂര്‍ ഏരിയാ കമ്മറ്റി അംഗം കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനുമൊഴികെ മറ്റു പ്രതികള്‍ വിയ്യൂര്‍, പൂജപ്പുര ജയിലുകളിലാണ്. രാഷ്ട്രീയക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി. പരിവേഷമാണ്. ജയില്‍ചട്ടപ്രകാരം വര്‍ഷത്തില്‍ 60 ദിവസമാണു പരോള്‍. ഇതിനു പുറമേയാണു ചികിത്സയുടെ പേരില്‍ പരോളിനു തുല്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.






