
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്ട്ടിന്. കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാര്ട്ടിന് വെളിപ്പെടുത്തി. മാപ്പുസാക്ഷിയായ പോലീസുകാരന് അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്ട്ടിന് പറയുന്നു. 'മംഗളം ടെലിവിഷന്‍' ആണ് മാര്‍ട്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.
സംവിധായകന് ലാലും ആക്രമിക്കപ്പെട്ട നടിയും തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും മാര്ട്ടിന് വെളിപ്പെടുത്തുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു ഭീഷണിയെന്നും മാര്ട്ടിന് വെളിപ്പെടുത്തുന്നു. ആക്രമണത്തിനിരയായ യാത്രയില്‍ ഉടനീളം തന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് നടിയായിരുന്നു. ലാല്‍ ക്രിയേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ഫോണ്‍ പിന്നീട് തിരികെ നല്‍കിയതെന്നും മാര്ട്ടിന് പറയുന്നു.
കേസില്‍ ഇതുവരെ കഥകള്‍ എല്ലാം അട്ടിമറിക്കുന്ന ട്വിസ്റ്റാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തലോടെ വന്നിരിക്കുന്നത്. നടിയെ മാത്രമല്ല, കേസ് അന്വേഷിച്ച പോലീസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ നടിയെ ആക്രമിച്ചുവെന്ന കേസ് തന്നെ കെട്ടുകഥയാകും. കേസ് തകിടം മറിയുക മാത്രമല്ല, പോലീസ് അന്വേഷണം പ്രഹസനമാണെന്നൂം പറയേണ്ടി വരും.
ഈ തനിക്കെതിരായ ഗൂഢാലോചനയാണെന്ന ദിലീപിന്റെ വാദമായിരിക്കും പിന്നീട് ശക്തിപ്രാപിക്കുക. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന ആസൂത്രണം ചെയ്തത് നടിയും പള്‍സര്‍ സുനിയുമാണെന്നാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ദിലീപിനെ കുടുക്കാന്‍ ഇവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥയാണ് ആക്രമണമെന്നുമാണ് മാര്ട്ടിന് പറയുന്നത്.






