
ന്യൂഡല്‍ഹി: മധ്യപ്രദേശ് ഗവര്‍ണറായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ രാഷ്ട്രപതി നിയമിച്ചു. വെള്ളിയാഴ്ചയാണ് നിയമനം സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന് പുറത്തിറക്കിയത്. 2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആനന്ദിബെന്‍ 2016 ഓഗസ്റ്റ് വരെ പദവിയില്‍ തുടര്‍ന്നിരുന്നു.
മധ്യപ്രദേശ് ഗവര്‍ണറായിരുന്ന രാം നരേഷ് യാദവിന്റെ കാലാവധി 2016 സെപ്തംബറില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോഹ്ലിക്ക് അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു.
ആനന്ദിബെന്നിന്റെ നിയമനം സംസ്ഥാനത്തിന് അഭിമാനമാണെന്ന് ബി.ജെ.പി ഗുജറാത്ത് വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. സംസ്ഥാനത്തുനിന്നും ഗവര്‍ണര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണവര്‍. കര്‍ഷകന്റെ മകളായ ആനന്ദിബെന്‍ ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. ഇപ്പോള്‍ ആദ്യ വനിതാ ഗവര്‍ണറുമായി. ഇത് ഗുജറാത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
പ്രായാധിക്യം കാരണം പറഞ്ഞ് 2016ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആനന്ദിബെന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറായിരുന്നില്ല. പട്ടേല്‍ സമരത്തിന്റെ പേരിലായിരുന്നു ആനന്ദിബെന്നിന്റെ നീക്കി വിജയ് രൂപാണിയെ നിയമിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഗവര്‍ണര്‍ പദവിയില്‍ എത്തുന്ന രണ്ടാമത്തെ ഗുജറാത്ത് മന്ത്രിയാണ് ആനന്ദിബെന്‍. മുന്‍പ് കര്‍ണാടക ഗവര്‍ണര്‍ ആയിരുന്ന മുന്‍ ഗുജറാത്ത് എം.എല്‍.എ വജുഭായ് വാല ആണ് ഒന്നാമന്. മധ്യപ്രദേശില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആനന്ദിബെന്നിന്റെ നിയമനം ഏറെ രാഷ്ട്രീയ പ്രാധാന്യവും അര്‍ഹിക്കുന്നതാണ്.






