
ടോക്യോ: വടക്കന്‍ കൊറിയയുടെ ആണവമിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ഏതു നിമിഷവും നേരിട്ടേക്കാവുന്ന ഒരു ആക്രമണത്തിന്റെ പ്രതീതി സൃഷ്ടിച്ച് ജപ്പാന് ടോക്യോനഗരത്തില് നടത്തിയ ഒഴിപ്പിക്കല്‍ ഡ്രില്ലില്‍ വെപ്രാളപ്പെട്ട് ഓടിയത് നൂറുകണക്കിന് ആള്ക്കാര്. ജപ്പാനെ നാശമാക്കിയ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു ഡ്രില്‍ തലസ്ഥാന നഗരത്തില്‍ ജപ്പാന് ചെയ്യുന്നത്. ടോക്യോ അമ്യൂസ്മെന്റ് പാര്‍ക്കിലായിരുന്നു ഡ്രില്‍ മൈക്കിലൂടെ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഒരു മിസൈല്‍ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് വിവരം കിട്ടിയെന്നും എത്രയും വേഗം സ്ഥലം കാലിയാക്കി കെട്ടിടങ്ങള്‍ക്കുള്ളിലും ഭൂഗര്‍ഭഅറയില്‍ ഒളിക്കാനുമായിരുന്നു നിര്‍ദേശം. ഇതിനൊപ്പം ഒരു പാര്‍ക്ക് ജോലിക്കാരന് മിസൈല്‍ വരുന്നു...മിസൈല്‍ വരുന്നു എന്ന് ഉച്ചത്തില്‍ കൂകിവിളിക്കുകയും ചെയ്തു. തൊട്ടടുത്ത സബ്വേ സ്റ്റേഷനിലേക്കും കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കും ഇതിനെ തുടര്‍ന്ന് ഓടിക്കയറിയത് 250 പേരായിരുന്നു. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ലൗഡ്സ്പീക്കര്‍ വഴി അടുത്ത അനൗണ്‍സ്മെന്റും എത്തി. മിസൈല്‍ പുറപ്പെട്ടു കഴിഞ്ഞെന്നും പസഫിക് ഓഷ്യന്‍ സമീപത്ത് കൂടി കാന്റോ (ഗ്രേറ്റര്‍ ടോക്യോ) യ്ക്ക് മുകളിലൂടെ നീങ്ങുന്നതായുമായിരുന്നു അറിയിപ്പ്.
എന്നാല്‍ വടക്കന്‍ കൊറിയയുടെ ആക്രമണഭീഷണി നില നില്ക്കുന്ന സാഹചര്യത്തിലാണ് ടോക്യോ ജനങ്ങളെ പരീക്ഷിച്ചത്. അതേസമയം ഭൂകമ്പങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ നാടായ ജപ്പാനില്‍ ഇത്തരം ഒഴിപ്പിക്കല്‍ ഡ്രില്ലുകള്‍ സ്കൂളുകള്‍, ജോലി സ്ഥലങ്ങള്‍ കേയര്‍ ഹോമുകള്‍ എന്നിവിടങ്ങളിലെല്ലാം മുമ്പും ഉണ്ടായിട്ടുണ്ട്. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഒരു യുദ്ധഭീഷണി ജപ്പാന് മണക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷവും ജപ്പാന്റെ ഇതര സ്ഥലങ്ങളില്‍ ഇത്തരം ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം ഇത്തരം ഡ്രില്ലുകള്‍ കൊണ്ട് കാര്യമായ പ്രയോജനം ഇല്ലെന്നും വടക്കുനിന്നും അത്തരം ഒരു ആക്രമണം ഉണ്ടാകാതിരിക്കട്ടെ എന്നു ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു പലരും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോടും മറ്റും പ്രതികരിച്ചത്.
ഈ മേഖലയില്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സഹായിയായ ജപ്പാനെ കടലില്‍ മുക്കുമെന്നും ചാരമാക്കുമെന്നുമാണ് കൊറിയയുടെ ഭീഷണി. കഴിഞ്ഞ വര്‍ഷം ജപ്പാനെ ലക്ഷ്യമാക്കി മൂന്ന് മിസൈല്‍ പ്യൊംഗ്യോംഗ് വര്‍ഷിച്ചിരുന്നു. അവ രാജ്യത്തിന് തൊട്ടടുത്ത് കടലില്‍ വീണു. ഈ സമയത്ത് ജപ്പാന് മൊബൈല്‍ ഫോണ്‍, തെരുവിലെ ലൗഡ് സ്പീക്കര്‍ എന്നിവ വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്്. കഴിഞ്ഞയാഴ്ച ദേശീയ മാധ്യമമായ എന്‍എച്ച്കെ സമാനരീതിയിലുള്ള ഒരു മുന്നറിയിപ്പ് നല്‍കുകയും മിനിറ്റുകള്‍ക്ക് ശേഷം മാപ്പു പറഞ്ഞ് രംഗത്ത് വരികയും ചെയ്തു.






