
റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. രണ്ടാമത്തെ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ലാലു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക.
കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 900 കോടി വെട്ടിച്ചെന്നാണ് ലാലുവിനെതിരേ ഉയര്‍ന്നിരിക്കുന്ന കേസ്. 2013 സെപ്തംബര്‍ 30 ന് കേസിലെ ആദ്യ വിധി അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമായിരുന്നു ശിക്ഷിച്ചത്. രണ്ടു മാസം ജയിലില്‍ കിടന്ന ശേഷം സുപ്രീംകോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
1992-94 കാലയളവില്‍ ചയിബസ ട്രഷറിയില്‍ നിന്നും 37.63 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. കുംഭകോണത്തിലെ രണ്ടാം കേസില്‍ 82.42 ലക്ഷം രൂപ പിന്ലിച്ചെന്ന കേസില്‍ മൂന്നരവര്‍ഷം തടവിനായിരുന്നു ലാലു ശിക്ഷിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ബിര്‍സമുണ്ട ജയിലിലാണ് ലാലുവും കൂട്ടരും ഇപ്പോള്‍. ഈ കേസില്‍ ലാലുവിന്റെ ജാമ്യാപേക്ഷ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.






