
ഹൂസ്റ്റണ്‍: യു.എസില്‍ മലയാളി ദമ്പതികളുടെ ദത്തുപുത്രിയായിരുന്ന ഷെറിന് മാത്യൂസിന്റെ ദുരൂഹ മരണത്തോടെ സ്വന്തം മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെട്ട വെസ്ലിയും സിനി മാത്യൂസും മകള്‍ക്കു വേണ്ടിയുള്ള നിയമ പോരാട്ടം ഉപേക്ഷിക്കുന്നു. മകളുടെ സംരക്ഷണത്തിനും മാതാപിതാക്കളുടെ അവകാശവും ചോദ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവര്‍ പിന്‍വലിക്കുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് ഇവര്‍ നിലപാട് മാറ്റിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് മൂന്നുവയസ്സുകാരിയായ ഷെറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഒക്ടോബര്‍ 22ന് കുട്ടിയുടെ മൃതദേഹം ഡാലസിലെ ഒരു ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് മരിച്ചത് ഷെറിന് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് വെസ്ലി മാത്യുവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. വധശിക്ഷയോ പരോള്‍ കൂടാതെയുള്ള ആജീവനാന്ത തടവുശിക്ഷയോ ആണ് വെസ്ലിയെ കാത്തിരിക്കുന്നത്.
കുട്ടിയെ ഉപേക്ഷിച്ചതിനാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പലപ്പോഴും ഒറ്റയ്ക്കാക്കി ഇവര്‍ പുറത്തുപോയിരുന്നതായും ഷെറിനെ കാണാതായി എന്നറിഞ്ഞിട്ടും ഇവര്‍ തിരക്കിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് വീടിനുള്ളില്‍ കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നിരുന്നതെന്നും അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വന്നതോടെ സ്വന്തം മകള്‍ക്കു വേണ്ടിയുള്ള അവകാശവാദം ഇവര്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ സുരക്ഷിതത്വത്തെ കരുതിയാണ് ഈ തീരുമാനമെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി മിച് നോള്‍ട്ടെ പറഞ്ഞു. നിലവില്‍ ഹൂസ്റ്റണിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കാണ് നാലു വയസ്സുള്ള ഈ കുട്ടിയുടെ സംരക്ഷണ ചുമതല.






