
ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ 70 വ്യക്തിത്വങ്ങളുടെ ഡല്‍ഹി അസംബ്ളിയില്‍ സ്ഥാപിക്കുന്ന ഛായാചിത്രങ്ങളുടെ കൂട്ടത്തില്‍ ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദവുമായി ബിജെപി രംഗത്ത്. അഷ്ഫാക്കുള്ള ഖാന്, ഭഗത് സിംഗ്, ബിര്‍സാ മുണ്ട, റാണി ചിന്നമ്മ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട ടിപ്പുവിന്റെ ചിത്രത്തിനെതിരേ ബിജെപി എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടു രംഗത്ത് വരികയും ചെയ്തു.
ടിപ്പുവിനെ പോലെ ഒരു വിവാദനായകന്റെ ചിത്രം എടുത്തു മാറ്റേണ്ടതാണ് എന്നാണ് ബിജെപി നേതാവ് ഓം പ്രകാശ് ശര്‍മ്മ പറഞ്ഞത്. എന്നാല്‍ എന്തു കാര്യത്തിലും വിവാദം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം എന്നായിരുന്നു സ്പീക്കര്‍ രാം നിവാസ് ഗോയലിന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടനയുടെ 144 ാം പേജില്‍ ടിപ്പുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടന എഴുതിയവര്‍ പോലും ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ പോരാടിയവരെ ഒറ്റുകാരെന്ന് വരുത്താനാണ് ബിജെപിയുടെ ശ്രമമെന്നും ഇത്തരം നീച രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തി വികസന കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സ്പീക്കര്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി പോരാടിയ ആരുടെയെങ്കിലും പേരുകള്‍ ബിജെപിയില്‍ നിന്നോ ആര്‍എസ്എസില്‍ നിന്നോ പറയാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ക്ക് ഒരു പേരു പോലും മുമ്പോട്ട് വെയ്ക്കാനായില്ലെന്നും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം നേടുക എന്നത് ഒരു കഠിനമായ ജോലിയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമാണ് നില നിന്നിരുന്നതെങ്കില്‍ സ്വാതന്ത്ര്യം നേടുക കൂടുതല്‍ ദുഷ്ക്കരമായ ജോലിയായിവുമായിരുന്നെന്ന് ചിത്രങ്ങള്‍ വെയ്ക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് പറഞ്ഞു. രാജ്യത്തിനെതിരേ ഛിദ്രശക്തികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതു സര്‍ക്കാര്‍ വന്നാലും സമാധാനവും ഒരുമയുമാണ് പ്രധാന ജോലിയെന്നും കെജ്രിവാള് പറഞ്ഞു.






