
ന്യൂഡല്‍ഹി : സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതു' മായി ബന്ധപ്പെട്ട സുപ്രീം കോടതി തീരുമാനം അംഗീകരിക്കില്ലെന്ന് കര്‍ണിസേന. സുപ്രീം കോടതിയല്ല കേന്ദ്രസര്‍ക്കാറാണ് ഈ ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കര്‍ണി സേന നേതാവ് മഹിപാല്‍ സിങ് മക്രന ഹാഫിങ്ടണ്‍ പോസ്റ്റിനു നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
'സുപ്രീം കോടതി തീരുമാനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. തേഡ് പാര്‍ട്ടി ആരോ പോയതാണ്. ആ തീരുമാനം ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കയ്യില്‍ പണമുള്ളവര്‍ക്ക് അവര്‍ക്ക് അനുകൂലമായ വിധി ലഭിക്കും.' പത്മാവത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നെന്നും അവരാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.
ആദ്യം ദിവസം മുതല്‍ തന്നെ ഞങ്ങള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാറില്‍ പരാതിപ്പെട്ടിരുന്നു. മോഡി അത് നിരോധിക്കണമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലായിരുന്നു എല്ലാം. ജനങ്ങള്‍ക്കു മുകളിലല്ല സുപ്രീം കോടതി. ഒരുഭാഗം മാത്രം കേട്ട് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അത് ശരിയല്ല. സുപ്രീം കോടതിയുടെ തീരുമാനമുണ്ടായിട്ടും ജനങ്ങള്‍ തെരുവിലിറങ്ങി. മഹിപാല്‍ സിങ് പറയുന്നു.






