
ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറി രണ്ടാമത് ചോദിച്ച ഒന്നാം ക്ലാസുകാരി പാചകക്കാരന്റെ ക്രൂരത. പാത്രത്തില്‍ ഒഴിച്ചുനല്കുന്നതിനു പകരം കറി കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. മധ്യപ്രദേശിലെ ദിന്ദോരിയില് കഴിഞ്ഞയാഴ്ചയാണ് സംഭവം.
നെഞ്ചിനും മുഖത്തും കവിളുകളിലും പൊള്ളലേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിന്ദോരി പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ പ്രിന്‍സ് മെഹ്റയ്ക്കാണ് ഈ ദുര്‍വിധി. പാചകക്കാരി നേംവതി ഭായ് ആണ് ഈ ക്രൂരത കുട്ടിയോട് ചെയ്തത്.
വീട്ടില്‍ അമ്മയോട് ചോദിക്കുന്ന പോലെ തീര്‍ത്തും നിഷ്കളങ്കമായ ഭാഷയില്‍ പാചകക്കാരിയോട് രണ്ടാമതും കറി ചോദിച്ചതായിരുന്നു പ്രിന്‍സ്. എന്നാല്‍ അത് അവരെ പ്രകോപിപ്പിച്ചു. തിളച്ച കറി അവര്‍ കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു.
ജനുവരി 23നാണ് സംഭവം നടന്നത്. 24നാണ് കുട്ടിയുടെ കുടുംബം പരാതി നല്‍കിയതായി പോലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറയുന്നു.






