
ബോക്സിന് പുറത്തുനിന്നും ഷൂട്ട് ചെയ്യരുതെന്നാണ് താന്‍ കളിക്കാരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവര്‍ അത് കേള്‍ക്കില്ലെന്ന് കേരളാ ബ്ളാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. പൂനെ സിറ്റിക്കെതിരേ എവേ മാച്ച് വിജയിച്ച ശേഷമായിരുന്നു ജെയിംസിന്റെ പ്രതികരണം. കളിയുടെ ഗതി നിര്‍ണ്ണയിച്ച രണ്ടു ഗോളുകളും ബ്ളാസ്റ്റേഴ്സ് നേടിയത് ബോക്സിന് പുറത്തു നിന്നുള്ള ഷൂട്ടിലായിരുന്നു.
ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ച ശേഷം അമ്പത്തെട്ടാം മിനിറ്റില്‍ ജാക്കിചന്ദ് സിംഗിന്റെ ലോംഗ്റേഞ്ചറിലൂടെയായിരുന്നു കേരളം ലീഡ് എടുത്തത്. എന്നാല്‍ തൊട്ടുപിന്നാലെ പെനാല്‍റ്റിയിലൂടെ പൂനെ തിരിച്ചടിക്കുകയും ചെയ്തു. ഇതിന് ശേഷം കളി സമനിലയില്‍ അവസാനിക്കുമെന്ന് വിചാരിച്ചിരിക്കുന്നിടത്തായിരുന്നു പെര്കൂസന് ബോക്സിലേക്ക് നീട്ടിക്കൊടുത്ത പന്ത് നെഞ്ചിലെടുത്ത് പൂനെ പ്രതിരോധ താരത്തെയും വെട്ടിയൊഴിഞ്ഞ് ബോക്സിന് പുറത്ത് നിന്നും വിനീത് തൊടുത്ത വോളി ഗോളിയേയും മറികടന്ന് നെറ്റിലെത്തിയത്.
ഇതിന് പിന്നാലെയായിരുന്നു ബോക്സിന് പുറത്ത് നിന്നും ഗോളടിക്കരുതെന്ന് താന്‍ എത്ര പറഞ്ഞാലും അവര്‍ കേള്‍ക്കില്ലെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞത്. മികച്ച ടീമായ പൂനെയെ പോലെ ഒരു ടീമിനെ വീഴ്ത്തിയ വിനീതിന്റെ ഗോള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നെന്നും ജെയിംസ് പറഞ്ഞു. കളി 1-1 ന് സമനിലയില്‍ പോകുമ്പോള്‍ അത് മതിയാകില്ലെന്നിരിക്കെ തങ്ങള്‍ മാനസീകമായി കരുത്തു കാട്ടിയെന്നും ജെയിംസ് പറയുന്നു. സീസണ് അവസാനത്തോട് അടുക്കുമ്പോള്‍ എല്ലാ മത്സരങ്ങളും ജയിക്കുക എന്നതാണ് തന്ത്രമെന്നും ജെയിംസ് വ്യക്തമാക്കി.
ഫെബ്രുവരി എട്ടിന് അമര്തൊമാര് കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികള്‍. ഇതിനായി കൊല്‍ക്കത്തയിലേക്ക് പോകുന്ന ടീമിന് പക്ഷേ നായകന് സന്ദേശ് ജിങ്കാന്റെ സേവനം കിട്ടുകയില്ല. പൂനെ സിറ്റിക്കെതിരേ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ബ്ളാസ്റ്റേഴ്സ് നായകന് തിരിച്ചടിയായത്. നാലാമത്തെ മഞ്ഞയാണ് കേരളനായകന്‍ കണ്ടത്.






