
ന്യൂസിലന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ തണുത്തുറഞ്ഞ കാലാവസ്ഥയെ ചൂടുപിടുപ്പിച്ച് ഇന്ത്യന്‍ കുട്ടികള്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തിയപ്പോള്‍ അത് പൊന്‍ തൂവലാകുന്നത് പരിശീലകന് രാഹുല്‍ദ്രാവിഡിന്റെ തൊപ്പിയില്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിനും കപിലിനുമൊപ്പം ഇതിഹാസങ്ങള്‍ക്കൊപ്പമാണ് സ്ഥാനമെങ്കിലും ലോകകപ്പ് എന്ന പൊന്‍തൂവല്‍ ഇല്ലാതെ കളി അവസാനിപ്പിക്കേണ്ടി വന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായ രാഹുലിനാണ് ഇന്ത്യ കിരീടം നില നിര്‍ത്തുമ്പോള്‍ അഭിമാനമാകുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെ തികച്ചും ആധികാരികമായി തന്റെ കുട്ടികളെ കിരീടത്തിലേക്ക് നയിക്കാന്‍ രാഹുല്ദ്രാവിഡിനായി.
ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിനും സെവാഗിനും ധോനിക്കുമെല്ലാം ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യം സിദ്ധിച്ചപ്പോള്‍ ലോകകപ്പ് കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചാണ് ദ്രാവിഡിനും ഗാംഗുലിക്കും പടിയിറങ്ങേണ്ടി വന്നത്. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ സച്ചിനും ദ്രാവിഡും സെവാഗുമെല്ലാം കളിച്ച ഇന്ത്യ ഫൈനലില്‍ കടന്നെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് 125 റണ്‍സിന് കീഴടങ്ങാനായിരുന്നു ദ്രാവിഡിന്റെയും കൂട്ടുകാരുടെയും വിധി. മത്സരത്തില്‍ 47 റണ്‍സെടുത്ത ദ്രാവിഡിന് അര്‍ദ്ധശതകവും നഷ്ടമായി. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ചതിച്ച മത്സരത്തില്‍ ഓസ്ട്രേലിയയുടെ 359 നെ ചേസ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ സെവാഗിന്റെ 82 റണ്‍സും ദ്രാവിഡിന്റെ 47 റണ്‍സും മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്.
വെസ്റ്റിന്‍ഡീസില്‍ നടന്ന അടുത്ത ലോകകപ്പിലും ദ്രാവിഡ് കളിച്ചെങ്കിലും ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു വിധി. 2011 ല്‍ നാട്ടില്‍ ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ കപ്പുയര്‍ത്തുമ്പോള്‍ അതിന് മുമ്പായി 10,889 റണ്‍സുമായി ഏകദിനത്തില്‍ നിന്നും താരം വിരമിച്ചിരുന്നു. പിറ്റേ വര്‍ഷം ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 13,288 റണ്‍സ് പേരിലുണ്ടായിരുന്നു. പിന്നീട് ക്രിക്കറ്റ് പരിശീലകനിലേക്ക് മാറിയ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ യുവതാരങ്ങളെ മിനുക്കിയെടുക്കുന്നതിലായിരുന്നു ഏറെ മികവ് കാട്ടിയത്. സഞ്ജു സാംസണ്, കരുണ്‍ നായര്‍, ദീപക് ഹൂഡ, ധവാല്‍ കുല്‍ക്കര്‍ണ്ണി എന്നിവരെല്ലാം ദ്രാവിഡിന്റെ ശിക്ഷണത്തില്‍ മികവുകള്‍ തേച്ചു മിനുക്കിയെടുത്തവരാണ്.
2015 ജൂണിലായിരുന്നു 19 വയസ്സില്‍ താഴെയുള്ള ടീമിന്റെ പരിശീലകനായി ദ്രാവിഡ് സ്ഥാനമേല്‍ക്കുന്നത്. അതിന് ശേഷം ടീമിന്റെ മികവില്‍ വലിയ മാറ്റമുണ്ടായി. ന്യൂസിലന്റില്‍ ലോകകപ്പ് കളിക്കാനെത്തിയ ടീം ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കിരീട നേട്ടം കൈവരിച്ചത്. കിരീടം നിലനിര്‍ത്താനായി ഇറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും തകര്‍ത്തുവിട്ടത് ഓസ്ട്രേലിയയെ ആയിരുന്നു. ആദ്യ മത്സരത്തില്‍ 100 റണ്‍സിന് ജയിച്ച ഇന്ത്യ ഫൈനലില്‍ എട്ടു വിക്കറ്റിനാണ് കംഗാരുക്കളെ മുട്ടു കുത്തിച്ചത്. ബംഗ്ളാദേശും പാകിസ്താനും ദക്ഷിണാഫ്രിക്കയുമെല്ലാം പല ഘട്ടങ്ങളിലായി ഇന്ത്യയോട് പരാജയമറിഞ്ഞിരുന്നു. അസാധാരണ ഫോമില്‍ അജയ്യരായിട്ടാണ് ദ്രാവിഡിന്റെ അണ്ടര്‍ 19 ടീം വിജയിച്ചത്. ആറു തവണ ഫൈനല്‍ കളിച്ചതില്‍ നാലു തവണയും കിരീടം നേടുന്ന ആദ്യ ടീമെന്ന പദവിയിലേക്കാണ് ഇന്ത്യ ഉയര്‍ന്നത്.






