
ന്യുഡല്‍ഹി: പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാന കൊലപാതകങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് ശക്തമായ താക്കീതുമായി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ ശേഷം വിവാഹിതരാകുന്ന രണ്ടു പേരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശിച്ച കോടതി, നിങ്ങള്‍ സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ലെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണായകമായ ഈ നിരീക്ഷണം. ഖാപ് പഞ്ചായത്തുകളെ നിരോധിക്കണമെന്നും ദുരഭിമാന കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഏതു വിവാഹമാണ് നിയമപരമെന്നോ അല്ലെന്നോ ഏതാണ് നല്ലതെന്നോ അല്ലെന്നോ പറയേണ്ടത് നമ്മള് ആരുമല്ല. അതിനാല്‍ അത്തരം കാര്യങ്ങളില്‍ വിട്ടുനില്‍ക്കുക. പ്രായപൂര്‍ത്തിയായ രണ്ടു പേര് വിവാഹിതരായാല്‍ നിങ്ങള്‍ ആരും അതില്‍ ഇടപെടാനാളല്ലെന്നും കോടതി വ്യക്തമാക്കി.
ഖാപ് പഞ്ചായത്തുകള്‍ സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും അവയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്നും കേസില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ചിരുന്ന മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഖാപ് പഞ്ചായത്തുകള്‍ ഇതര ജാതിയില്‍ പെട്ടവരോ ഇതര മതത്തില്‍പെട്ടവരോ തമ്മിലുള്ള വിവാഹത്തിന് എതിരല്ലെന്നും ഒരേ ഗോത്രത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെയാണ് എതിര്‍ക്കുന്നതെന്നും അത് അവര്‍ ആ സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ ആയതിനാലാണെന്നും ഖാപ് പഞ്ചായത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ ആവേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും വിവാഹിതരായാല്‍ ഖാപ്, പഞ്ചായത്ത്, സമൂഹത്തിനോ ആര്‍ക്കും അവരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി സംശയത്തിന് ഇടനല്‍കാത്ത വിധം വ്യക്തമാക്കി.
ദുരഭിമാന കുറ്റകൃത്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് 2010ല്‍ ശക്തിവാഹിനി എന്ന സംഘടന കോടതിയെ സമിപിച്ചിരുന്നു. ഖാപ് പഞ്ചായത്തുകള്‍, ഇതര ജാതികള്‍ തമ്മിലോ ജാതികള്ക്കുള്ളിലോ ഉള്ള വിവാഹം അനുവദിക്കുന്നില്ലെന്നും ഇത് ലംഘിക്കുന്നതിന്റെ പേരില്‍ നിരവധി പേര് കൊലചെയ്യപ്പെടുന്നുവെന്നും സംഘടന പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫെബ്രവരി 16ന് വീണ്ടും പരിഗണിക്കും.






