
ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ സംഘവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണണെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 15 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 114 എം.പിമാര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറി. എം.പിമാരുടെ സംഘത്തിന് അനുകൂലമായ മറുപടിയാണ് രാഷ്ട്രപതി നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആയിരുന്ന ലോയയുടെ മരണം സംശയാസ്പദമാണെന്നും മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ബി.ഐ, എന്‍.ഐ.എ എന്നീ ഏജന്‍സികളെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചില്ലെങ്കില്‍ പ്രചരണം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം എം.പിമാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.
റഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. റഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് രാജ്യസുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചിരുന്നു. രാജ്യസുരക്ഷ സംബന്ധിച്ച പാഠങ്ങള്‍ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
ജെയ്റ്റ്ലിയുടെ ഈ പ്രസ്താവനയ്ക്ക് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. യു.പി.എ ഭരണ കാലത്ത് പ്രതിരോധ ഇടപാടുകള്‍ സുതാര്യമായിരുന്നുവെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഗാന്ധി ഇടപാട് സംബന്ധിച്ച് അന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്കിയ മറുപടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.







Comments