
റമല്ല: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി പലസ്തീനിലെത്തി. ഫെബ്രുവരി 9ന് ആരംഭിച്ച സന്ദര്‍ശനം 12ന് അവസാനിക്കും. ആദ്യമായി പലസ്തീന് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഹൃദ്യമായ സ്വീകരണമാണ് പലസ്തീന് ഒരുക്കിയത്. പലസ്തീനില്‍ എത്തിയ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീന് ബഹുമതി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഒരു വിദേശ നേതാവിന് നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഇത്.
45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയും പലസ്തീനും വിവിധ കരാറുകളില്‍ ഒപ്പിട്ടു. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. ഇന്ത്യ-പലസ്തീന് ബന്ധത്തിന് നല്കിയ പിന്തുണയെ ആദരിക്കുന്നതിനാണ് പലസ്തീന്, മോഡിക്ക് ഗ്രാന്‍ഡ് കോളര്‍ പുരസ്കാരം നല്‍കിയത്. ഇതിന് മുന്‍പ് സൗദി രാജാവിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനുമാണ് പലസ്തീന് ഈ പുരസ്കാരം സമ്മാനിച്ചിട്ടുള്ളത്. പലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അരാഫത്തിന്റെ ശവകുടീരത്തില്‍ മോഡി പുഷ്പാര്‍ച്ചന നടത്തി. പലസ്തീന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഒമാനിലേക്ക് പോകും.
ജോര്‍ദാന്‍ വഴിയാണ് പ്രധാനമന്ത്രി പലസ്തീനിലെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് ബിന്‍ അല്‍ ഹുസൈനുമായി അമ്മാനില്‍ വച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജോര്‍ദാനിലും ഊഷ്മളമായ സന്ദര്‍ശനമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ജോര്‍ദാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്തി മോഡിയെ സ്വീകരിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ജോര്‍ദാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി.







Comments