
വിദ്യാ ബാലനായിരുന്നെങ്കില്‍ ആമി പരാജയപ്പെടുമായിരുന്നെന്ന് കമല്‍. 'മൂന്നു വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിര്‍മ്മിച്ചത്. മാധവിക്കുട്ടിയുടെ ആത്മകഥയായ 'എന്റെ കഥ'യെ മാത്രമല്ല ആമിയില്‍ അവതരിപ്പിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയില്‍ നിന്നും പുറത്തു വന്ന് 78-ാം വയസ്സുവരെയുള്ള ജീവിതം ആമിയില്‍ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്കരിക്കപ്പെട്ട മാധവദാസിനെക്കുറിച്ച് വളരെ മികച്ച രീതിയില്‍ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കില്‍ ലൗ ജിഹാദിനു വേണ്ടി മതം മാറി എന്നു പറയുന്ന മാധവിക്കുട്ടിയേയും മാത്രമാണ് വായനാ ലോകത്തിന് അറിയാവുന്നത്. അതിനപ്പുറം ദിവ്യമായ പ്രണയവും തീവ്രമായ ആത്മ ബന്ധവും പുലര്‍ത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയാണ് സിനിമയിലുള്ളത്' കമല്‍ പറഞ്ഞു.
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'ആമിയും, മലയാള ജീവചരിത്ര സിനിമകളും' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആമി സിനിമ മിമിക്രിയല്ല, വിദ്യാ ബാലനായിരുന്നെങ്കില്‍ ചിത്രം വിജയിക്കില്ലായിരുന്നു'വെന്നും കമല്‍ പരാമര്‍ശിച്ചു.
കഴിഞ്ഞ കേരള സാഹിത്യ ഫെസ്റ്റിവല്‍ കഴിഞ്ഞുളള യാത്രയില്‍ കമല്‍ ഫോണില്‍ വിളിച്ച് വാഗ്ദാനം ചെയ്ത വേഷമാണ് ആമി എന്നതും, അടുത്ത ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ആമിയായി കഴിഞ്ഞുവെന്ന സന്തോഷം മഞ്ജു വാര്യര്‍ പങ്കുവെച്ചു. വിവാദങ്ങള്‍ തന്നെ തളര്‍ത്തിയില്ലെന്നും, തിരക്കഥയിലുളള വിശ്വാസവും കമലിനോടുളള ആദരവുമാണ് തന്നെ ആമിയാക്കിയതെന്നും മഞ്ജു പറഞ്ഞു.






